ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്. ബജറ്റ് സമ്മേളനം രണ്ടു ഘട്ടങ്ങളിലായാണ് നടക്കുക. ജനുവരി 29ന് രാഷ്ട്രപതിയുടെ അഭിസംബോധനയോടെയാണ് ബജറ്റ് സമ്മേളനം തുടങ്ങുക.

ഏപ്രില്‍ എട്ട് വരെയാണ് സമ്മേളനം. ഫെബ്രുവരി 15നും മാര്‍ച്ച്‌ എട്ടിനും ഇടയില്‍ 20 ദിവസത്തെ ഇടവേളയോടെയാണ് സമ്മേളനം നടക്കുന്നത്.

തലസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും ബജറ്റ് സമ്മേളനത്തില്‍ കൊവിഡ് സുരക്ഷാ ഏര്‍പ്പാടുകളും മുന്‍കരുതലുകളും പഴയതുപോലെ തുടരും. കഴിഞ്ഞ സമ്മേളനത്തിലെന്നപോലെ ഇരുചേംബറിലുമായി വ്യത്യസ്ത സമയത്താണ് ലോക്‌സഭയും രാജ്യസഭയും ചേരുക. ഇക്കുറി സഭ അഞ്ചുമണിക്കൂര്‍ സമ്മേളിക്കും. ചോദ്യോത്തര വേളയുമുണ്ടാവും. മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണം തുടരും. സന്ദര്‍ശകരെ അനുവദിക്കില്ല.

കഴിഞ്ഞ സമ്മേളനകാലത്ത് നാലുമണിക്കൂര്‍മാത്രമേ സഭകള്‍ സമ്മേളിച്ചിരുന്നുള്ളൂ. ചോദ്യോത്തരങ്ങള്‍ അനുവദിച്ചിരുന്നില്ല. രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെയാണ് ബജറ്റ് സമ്മേളനം തുടങ്ങുക. രാഷ്ട്രപതിയുടെ പ്രസംഗസമയത്ത് അംഗങ്ങള്‍ക്ക് സെന്‍ട്രല്‍ ഹാളിനുപുറമേ ലോക്‌സഭ, രാജ്യസഭാ ചേംബറുകളിലും സൗകര്യമൊരുക്കും.