ഉദയംപേരൂരിൽ കസ്റ്റഡിയിൽ മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖിന്റെ മരണം തലയ്‌ക്കേറ്റ ക്ഷതം മൂലമാണെന്ന് പ്രാഥമിക നിഗമനം. തലയിലെ പരുക്കിനെ തുടർന്നാണ് ആന്തരിക രക്തസ്രാവം ഉണ്ടായതെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.

ഷെഫീക്കിന്റെ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതുമൂലം ആന്തരിക രക്തസ്രാവം ഉണ്ടായി രക്തം കട്ടപിടിച്ചിരുന്നു. തലയുടെ മുൻഭാഗത്ത് ഇടതു കണ്ണിന് മുകളിൽ പരുക്കുണ്ട്. ശരീരത്തിൽ മറ്റു ഭാഗങ്ങളിൽ പരുക്കുകൾ ഇല്ല. മരണത്തിലേക്ക് നയിച്ച ക്ഷതം വീഴ്ച മൂലമോ മർദനം മൂലമോ എന്ന് സ്ഥിരീകരിക്കാൻ ആയിട്ടില്ല. ശാസ്ത്രീയ പരിശോധനാഫലം ലഭ്യമായാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത കൈവരൂ. കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് മേധാവി രഞ്ജു രവീന്ദ്രന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നടന്നത്. ഉദയംപേരൂർ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ ഷെഫീക്കിന് ക്രൂരമർദനം ഏറ്റെന്നും, സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും ബന്ധുക്കൾ അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കെത്തിയ എറണാകുളം സബ് കളക്ടർ ഹാരിസ് റഷീദിനെയും ഉദയംപേരൂർ പൊലീസിനേയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുവച്ചത് നേരിയ സംഘർഷത്തിനിടയാക്കിയിരുന്നു.

ഉദയംപേരൂരിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയിൽ നിന്ന് പണം തട്ടിയെന്ന കേസിൽ തിങ്കളാഴ്ചയാണ് ഷെഫീക്ക് അറസ്റ്റിലായത്. റിമാൻഡിൽ കഴിയവെ ആശുപത്രിയിലെത്തിച്ച ഷെഫീക്ക് ഇന്നലെ വൈകിട്ട് മരിച്ചു. ഷെഫീഖിന്റെ കസ്റ്റഡി മരണത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയായെന്ന് മധ്യമേഖല ജയിൽ ഡിഐജി സാം തങ്കയ്യൻ പ്രതികരിച്ചു.