നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി പദ്ധതി നിര്‍വഹണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. മാര്‍ച്ച് ആദ്യം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ വര്‍ഷത്തെ പദ്ധതി നടത്തിപ്പ് വേഗത്തിലാക്കാനാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലെ പുതിയ ഭരണസമിതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. പദ്ധതിയില്‍ ഭേദഗതികളുണ്ടെങ്കില്‍ അവയുള്‍പ്പെടെ ജനുവരി 25നകം ജില്ലാ ആസൂത്രണ സമിതികള്‍ക്ക് സമര്‍പ്പിക്കണമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ നിര്‍ദ്ദേശിച്ചു.

നിയമസഭ തെരഞ്ഞെടുപ്പ് മാര്‍ച്ച് ആദ്യം പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ പദ്ധതി നിര്‍വഹണം വേഗത്തിലാക്കാനാണ് നിര്‍ദ്ദേശം. മാര്‍ച്ചില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ രണ്ടു മാസം മാത്രമാണ് ഈ വര്‍ഷത്തെ പദ്ധതി നിര്‍വഹണത്തിനു തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുക. പുതിയ ഭരണസമിതികള്‍ പദ്ധതി നിര്‍വഹണം വേഗത്തിലാക്കാനും ചുരുങ്ങിയ സമയത്തിനുള്ളില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

ഈ വര്‍ഷത്തെ ബജറ്റിലേയും വാര്‍ഷിക പദ്ധതികളിലേയും പ്രവര്‍ത്തനം പൂര്‍ത്തിയാക്കണം. അടുത്ത വര്‍ഷത്തെ പദ്ധതി തയാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജനുവരിയില്‍ തുടങ്ങണം. ജനുവരി മൂന്നാം വാരം നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കര്‍മ പരിപാടി ആവിഷ്‌കരിക്കണം. ഇനിയുള്ള രണ്ടു മാസം കൃത്യമായ ഇടവേളകളില്‍ അവലോകന യോഗങ്ങള്‍ ചേരണം. നടപ്പു വാര്‍ഷിക പദ്ധതിയില്‍ പൊതുവെ മാറ്റങ്ങള്‍ അനുവദിക്കില്ല. എന്നാല്‍ ഒഴിവാക്കാനാകാത്തതും അടിയന്തര പ്രാധാന്യമുള്ളതുമായ ചില മാറ്റങ്ങള്‍ ആകാമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കൊവിഡുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍ ഏറ്റെടുക്കുക, കൂടുതല്‍ തുക ആവശ്യമെങ്കില്‍ ലൈഫ് പദ്ധതിയുടെ വിഹിതം വര്‍ധിപ്പിക്കുക തുടങ്ങിയവയാണിത്. അടുത്ത വാര്‍ഷിക പദ്ധതിക്ക് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് അംഗീകാരം വാങ്ങണം. അങ്ങനെ വന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും ഏറ്റവും അത്യാവശ്യമായ പദ്ധതികളുടെ നിര്‍വഹണം തടസമില്ലാതെ നടത്താന്‍ കഴിയുമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.