മൂന്നാം ടെസ്റ്റിനിടെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിൻ്റെ ഗാർഡ് മാർക്ക് മായ്ക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി ഓസീസ് താരം സ്റ്റീവ് സ്മിത്ത്. പന്തിന്റെ ഗാർഡ് മാർക്ക് മായ്ക്കാൻ ശ്രമിച്ചിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. സെൻ്റർ മാർക്ക് ചെയ്യുന്നത് തൻ്റെ പതിവാണെന്നും വിവാദങ്ങളിൽ നിരാശനാണെന്നും സ്മിത്ത് പറഞ്ഞു.

“ആരോപണത്തിൽ എനിക്ക് ഞെട്ടലും നിരാശയും ഉണ്ടായി. അത് ഞാൻ ചെയ്യാറുള്ളതാണ്. നമ്മൾ എവിടെ ബൗൾ ചെയ്യുന്നു എന്ന് നോക്കാനും ബാറ്റ്സ്മാൻ പന്തുകൾ എങ്ങനെ കളിക്കുന്നു എന്ന് പരിശോധിക്കാനുമാണ് അത്. സെൻ്റർ മാർക്ക് ചെയ്യുന്നത് എൻ്റെ പതിവാണ്. ഇന്ത്യയുടെ മികച്ച ബാറ്റിംഗ് പ്രകടനത്തിനു പകരം ഇതും മറ്റു ചില സംഭവങ്ങളും ചർച്ചയായത് നാണക്കേടാണ്.”- സ്മിത്ത് പറഞ്ഞു.

സ്മിത്തിനെതിരെ ഉയർന്ന ആരോപണങ്ങളെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ തള്ളിയിരുന്നു. കളിക്കിടെ ഷാഡോ ബാറ്റ് ചെയ്യുന്നതും മറ്റും സ്മിത്തിൻ്റെ പതിവാണെന്നും അതാണ് അവിടെ സംഭവിച്ചതെന്നും പെയ്ൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മൂന്നാം ടെസ്റ്റിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പെയ്ൻ ഇക്കാര്യം വിശദീകരിച്ചത്.