ന്യൂഡല്‍ഹി: എഴുപത്തിയൊന്നാം ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ആദ്യഘട്ട വോട്ടെടുപ്പ് വെെകുന്നേരം ആറ് മണിക്ക് ശേഷവും തുടര്‍ന്നു. ബീഹാറില്‍ ആദ്യമായാണ് അഞ്ച് മണിക്ക് ശേഷം ആറ് മണിവരെ വോട്ടെടുപ്പ് നീളുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ നടന്ന ആദ്യപ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണിത്.

തിരഞ്ഞെടുപ്പ് നടക്കുന്ന ബൂത്തുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വോട്ടിംഗ് സമയം ആറ് മണിവരെ നീട്ടിയതെന്നും വെെകുന്നേരം ആറ് മണിക്ക് ശേഷവും വോട്ടിംഗ് തുടര്‍ന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളേക്കാള്‍ കൂടുതലായി പോളിംഗ് പ്രതീക്ഷിക്കുന്നു. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പോലും കൂടുതല്‍ പേര്‍ വോട്ട് ചെയ്യാന്‍ എത്തിയത് ഏറെ പ്രചോദനമാണെന്നും ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു.

2015ല്‍ 5 മണി വരെ നടന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 54.94% പോളിംഗ് രേഖപ്പെടുത്തിയിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 53.54 പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതില്‍ കൂടുതല്‍ പോളിംഗ് ഉണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചകഴിഞ്ഞ് 3 മണി വരെ 46.29 ആയിരുന്നു പോളിംഗ് ശതമാനം. പോളിംഗ് ഇപ്പോഴും തുടരുകയാണെന്നും ഏറ്റവും പുതിയ കണക്കുകള്‍ പിന്നീട് വ്യക്തമാക്കുമെന്നും സുനില്‍ അറോറ പറഞ്ഞു. ആദ്യ തിരഞ്ഞെടുപ്പ് വിജയകരമായി നടത്തിയതിന് ബീഹാറിലെ വോട്ടര്‍മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നതായും സുനില്‍ അറോറ അറിയിച്ചു.

വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാറുകളോ മറ്റു ഗുരുതര പ്രശ്നങ്ങളോ ഇല്ലാതെയാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് കടന്നു പോയത്. ഇതിന് പിന്നാലെ നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കുകയാണ് ബീഹാര്‍.