ചെന്നൈ: ട്രാന്‍സ്‌ജെന്‍ഡറിനെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.കോയമ്പത്തൂരിലെ ട്രാന്‍സ്‌ജെന്‍ഡര്‍ അസോസിയേഷന്‍ പ്രസിഡന്റും ആക്ടിവിസ്റ്റുമായ സംഗീതയാണ് കൊല്ലപ്പെട്ടത്. കോയമ്പത്തൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.

അടുത്തിടെ സംഗീത ആര്‍എസ് പുരത്ത് ട്രാന്‍സ് കിച്ചണ്‍ എന്ന പേരില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്സ് മാത്രം ജോലി ചെയ്യുന്ന ഹോട്ടല്‍ തുടങ്ങിയിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ്‌ആളുകള്‍ ഇവരെ അവസാനമായി കണ്ടത്.വീട്ടില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെ അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പൊലീസെത്തി വീട് തുറന്നുനോക്കിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് ട്രമ്മിനകത്ത് തള്ളി പുതപ്പ് കൊണ്ടു പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു.സംഗീതയുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഗീതയ്ക്ക് ആരെങ്കിലുമായി ശത്രുതയുണ്ടോ എന്നാണ് പ്രധാനമായിട്ടും പൊലീസ് അന്വേഷിക്കുന്നത്.