ലോകത്ത്‌ കൊവിഡ്‌ ബാധിച്ചവരുടെ എണ്ണം ഒന്നര കോടി കവിഞ്ഞു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്ക് പ്രകാരം വ്യാഴാഴ്ച രാവിലെ വരെ ലോകത്ത് 15,077,182 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 620,257 പേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്. 188 രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത രോഗത്തില്‍ നിന്ന് മുക്തി നേടിയത് 92 ലക്ഷത്തോളം പേരാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലാണ്. 3,955,860 കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 142,942 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യത്ത്1,210,849 പേര്‍ രോഗമുക്തിയും നേടി. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്കയ്ക്ക് തൊട്ടുപിന്നലായി ഉള്ളത് ബ്രസീലാണ്.
ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലിലില്‍ നിന്ന് 2,159,654 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1,579,194 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 81,487 മരണങ്ങളും സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണത്തില്‍ അനുദിനം ഉണ്ടാകുന്ന വര്‍ദ്ധന ബ്രസീലില്‍ വലിയ ആശങ്ക തീര്‍ക്കുന്നു.

രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണുള്ളത്. രാജ്യത്ത് 1,193,078 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 753,050 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 28,732 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്.