ഓസ്ട്രേലിയയില്‍ ഒക്ടോബറില്‍ ആരംഭിക്കേണ്ടിയിരുന്ന ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ മാറ്റിവച്ചു. ഓസ്ട്രേലിയയില്‍ വീണ്ടും കോവിഡ് വ്യാപനമുണ്ടായ സാഹചര്യത്തിലാണ് നടപടി.

ഐസിസി ബോര്‍ഡ് തിങ്കളാഴ്ച യോഗം ചേര്‍ന്നപ്പോളാണ് തീരുമാനമെടുത്തത്. വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴിയായിരുന്നു ബോര്‍ഡ് യോഗം.

ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ഓസ്‌ട്രേലിയയില്‍ നടക്കേണ്ടതായിരുന്നു മത്സരങ്ങള്‍. എന്നാല്‍ വിക്ടോറിയ സംസ്ഥാനത്ത്കോവിഡ് കേസുകളുടെ രണ്ടാം കുതിച്ചുചാട്ടമുണ്ടായപ്പോള്‍ മേയ് മാസത്തില്‍ തന്നെ ആതിഥേയത്വം വഹിക്കാനുള്ള ബുദ്ധിമുട്ട് ഓസ്ട്രേലിയ ക്രിക്കറ്റ് ബോര്‍ഡ് പ്രകടിപ്പിച്ചിരുന്നു.

“ഇന്നത്തെ യോഗത്തില്‍. ഐസിസിയുടെ മൂന്ന് പുരുഷ വിഭാഗം ഇവന്റുകള്‍ക്കായുള്ള സമയത്തിലും ഇവന്റ് കലണ്ടറിലും മാറ്റം വരുത്താനും വ്യക്തത വരുത്താനും സാധ്യമായ മികച്ച അവസരം തേടാനും തീരുമാനിച്ചു” എന്ന് യോഗത്തിന് ശേഷം ഐസിസി ശേഷം പ്രസ്താവനയില്‍ പറഞ്ഞു.

വരും വര്‍ഷങ്ങളില്‍ നടത്തുന്ന ടി20 ലോകകപ്പ് മത്സരങ്ങളുടെ സമയത്തിലും ഐസിസി വ്യക്തത വരുത്തി. ഐസിസി പുരുഷ വിഭാഗം ടി 20 ലോകകപ്പ് 2021 ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലായിനടക്കുമെന്നും 2021 നവംബര്‍ 14ന് ഫൈനല്‍ നടക്കുമെന്നും ഐസിസി വ്യക്തമാക്കി

2022ലെ ടി 20 ലോകകപ്പ് 2 ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലാണ്. നവംബര്‍ 13 നാവും ഫൈനല്‍. ഐസിസി മെന്‍സ് ക്രിക്കറ്റ് ലോകകപ്പ് 2023 ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കും. 2023 നവംബര്‍ 26 നാവും ഫൈനല്‍

ട്വന്‍റി20 ലോകകപ്പ് മാറ്റിയതോടെ ബി‌സി‌സി‌ഐക്ക് ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ‌പി‌എല്‍) ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ യുഎഇയില്‍ സംഘടിപ്പിക്കാന്‍ വഴിയൊരുങ്ങും.

ഈ വര്‍ഷം യുഎഇയില്‍ നത്താന്‍ നിശ്ചയിച്ചിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ നേരത്തെ റദ്ദാക്കിയിരുന്നു. സെപ്തംബറില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്തതിനെ തുടര്‍ന്നാണ് റദ്ദാക്കിയത്.

കായികരംഗത്തുള്ള എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുകയെന്നതിനാണ് തങ്ങള്‍ പ്രാഥമിക പരിഗണന നല്‍കുന്നതെന്ന് ടി20 ലോകകപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ ഐസിസി ചീഫ് എക്സിക്യൂട്ടീവ് മനു സാവ്‌നി പറഞ്ഞു.

“ഐസിസി പുരുഷ വിഭാഗം ടി 20 ലോകകപ്പ് മാറ്റിവയ്ക്കാനുള്ള തീരുമാനം ഞങ്ങള്‍ക്ക് ലഭ്യമായ എല്ലാ സാധ്യതകളും ശ്രദ്ധാപൂര്‍വ്വം പരിഗണിച്ചതിന് ശേഷം സ്വീകരിച്ചതാണ്, മാത്രമല്ല ലോകമെമ്ബാടുമുള്ള ആരാധകര്‍ക്കായി സുരക്ഷിതവും വിജയകരവുമായ രണ്ട് ടി 20 ലോകകപ്പുകള്‍ എത്തിക്കുന്നതിനുള്ള ഏറ്റവും മികച്ച അവസരം ഞങ്ങള്‍ക്ക് നല്‍കുകയുമാണ്,” പ്രസ്താവനയില്‍ പറയുന്നു.

നഷ്ടപ്പെട്ട ദ്വിരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ പുനക്രമീകരിക്കുന്നത് സംബന്ധിച്ച്‌ ഞങ്ങളുടെ അംഗങ്ങള്‍ക്ക് ആവശ്യമായ വ്യക്തതയുണ്ട്. പുരുഷന്മാരുടെ ക്രിക്കറ്റ് ലോകകപ്പ് പിന്നീടുള്ള സമയത്തേക്ക് മാറ്റുന്നത് ഇതിന്റെ ഒരു നിര്‍ണായക ഘടകമാണെന്നും ഐസിസി വ്യക്തമാക്കി.

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ന്യൂസീലന്‍ഡില്‍ നടക്കുന്ന ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നത് തുടരുമെന്ന് ഐസിസിയുടെ വാണിജ്യ അനുബന്ധ സ്ഥാപനമായ ഐബിസി ബോര്‍ഡ് അറിയിച്ചു.