ന്യൂഡല്‍ഹി: കൊറോണ വൈറസിന് രാജ്യത്ത് എന്നന്നേക്കുമായി തുടരാനാകില്ലെന്ന് ഉപ രാഷ്ട്രപതി വെങ്കയ്യനായിഡു. ഒരു കൊടുംകാറ്റിനും എവിടേയും തുടരാനാകില്ല. അതിനാല്‍ കൊറോണയെ ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ഒരു പരിധി വരെ വൈറസ് വ്യാപനം തടയാനായെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്ക് ഡൗണില്‍ നിന്ന് അണ്‍ലോക്ക് ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ വൈറസിനെ തടയാനുള്ള മുന്‍ കരുതലുകള്‍ ജനങ്ങള്‍ സ്വയം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഈ ആരോഗ്യ പ്രതിസന്ധിയെ ജനങ്ങള്‍ കൂട്ടമായി നേരിടണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

മാസ്‌ക് ധരിക്കേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും ആവശ്യകതയേയും അദ്ദേഹം എടുത്തു പറഞ്ഞു. വൈറസുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഒട്ടു മിക്ക രാജ്യങ്ങളും ലോക്ക് ഡൗണ്‍ അവസാനിപ്പിച്ച്‌ സമ്ബദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും രാജ്യത്ത് സമ്ബദ് വ്യവസ്ഥ ഉയര്‍ത്താന്‍ വേണ്ട നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.