കുളു-മണാലി എന്ന പ്രയോഗം കുറച്ചു വർഷങ്ങളായി മലയാളികൾക്കിടയിൽ ഏറെ പരിചിതമാണ്. റോഡ് ട്രിപ്പുകൾ വ്യാപകമായി നടക്കാൻ തുടങ്ങിയതോടെയാണ് കുളു-മണാലി എന്നീ വാക്കുകൾ ഭൂരിഭാഗം പേർക്കും പരിചിതമായിത്തുടങ്ങിയത് എന്നു പറഞ്ഞാൽ അതിശയോക്തിയാകില്ല. ഈ റോഡ് ട്രിപ്പുകൾക്കെല്ലാം അടിസ്ഥാനമായത് വളർന്നു കൊണ്ടിരിക്കുന്ന നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾ തന്നെയാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി നടന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യവികസന പരിപാടികൾ റോഡുകളെ കൂടുതൽ ഉപയോഗയോഗ്യമായിട്ടുണ്ട്.

കൊച്ചി മുതൽ മണാലി വരെ റോഡുമാർഗ്ഗം സഞ്ചരിക്കുകയാണെങ്കിൽ 3,231.4 കിലോമീറ്ററുണ്ട്. 56 മണിക്കൂറിലദികം ദൂരം. ഇതിൽ പത്ത് മണിക്കൂറോളം ദൂരം ഡൽഹിയിൽ നിന്ന് മണാലി വരെയുള്ള പാതയിൽ മാത്രം വരും. ഈ ദൂരം ഗണ്യമായി കുറയ്ക്കുന്ന പുതിയൊരു പാതയെക്കുറിച്ചാണ് പറയാനുള്ളത്. കിർത്താപുർ-മണാലി ഹൈവേയുടെ പണികൾ ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. ഉദ്ഘാടനത്തിലേക്ക് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ജൂൺ 15നാണ് ഉദ്ഘാടനം. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കും ഉദ്ഘാടകൻ.

ഒരു നാലുവരിപ്പാതയാണിത്. ഇതിനകം തന്നെ ഈ നാലുവരിപ്പാതയിൽ വൻ ട്രാഫിക് ദൃശ്യമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒരു ചെറിയ സ്ട്രെച്ചിൽ മാത്രമാണ് ഇപ്പോൾ പണികൾ നടക്കുന്നത്. ഇത് ഉടനെ പൂർത്തിയാകും. 33 പാലങ്ങൾ ആ പാതയിലുണ്ട്. കിർതാപുരിൽ നിന്ന് മണാലിയിലേക്ക് നിലവിൽ 232 കിലോമീറ്ററുണ്ട്. ഇത് 197 കിലോമീറ്ററായി കുറയും പുതിയ പാതയിൽ. പുതിയ പാത വരുന്നതോടെ യാത്രകൾ സുഗമമാകുകയും 1000 കോടിയുടെ ഇന്ധന-മെയിന്റനൻസ് ലാഭം വർഷത്തിൽ ഉണ്ടാകുകയും ചെയ്യുമെന്ന് ദേശീയപാതാ അതോരിറ്റി കണക്കുകൂട്ടുന്നു.

ആകെ പതിന്നാല് ടണലുകൾ നിർമ്മിക്കുന്നുണ്ട്. ഇതിൽ രണ്ടുവരിപ്പാതയുടെ അഞ്ച് ടണലുകൾ പൂർത്തിയായിക്കഴിഞ്ഞു. ആറാമതൊരു ടണലിന്റെ പണികൂടി നടക്കുന്നു. ടണലുകളിൽ ഏറ്റവും നീളമുള്ളത് ഗരമോറ തുരങ്കമാണ്. ഒന്നേമുക്കാൽ കിലോമീറ്റർ (1800 മീറ്റർ) നീളം വരും ഇത്. എല്ലാ ടണലുകളും രണ്ടുവരിപ്പാതയാണ്. ഈ ടണൽ പാതകൾക്ക് സമാന്തരമായാണ് ഇനി ടണലുകൾ വരിക. നാല് ടണലുകൾക്കുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. ഗരാമോറ ടണലിന് സമാന്തരമായി നിർമ്മിക്കുന്ന തുരങ്കപാതയുടെ നിർമ്മാണം ഇപ്പോൾ നടക്കുന്നുണ്ട്. ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാകും.

ഡൽഹിയിൽ നിന്ന് മണാലിയിലേക്ക് പോകുന്നവർക്ക് ഇനി ആറ് മണിക്കൂറിനുള്ളിൽ ലക്ഷ്യസ്ഥാനത്തെത്താം. ചണ്ഡിഗഢിൽ നിന്ന് മണാലിയിലേക്ക് ഈ പാതയിൽ 4 മണിക്കൂർ‌ നേരം മാത്രമേ എടുക്കൂ.

പതിന്നാല് ടണലുകളുൾക്കൊള്ളുന്ന ഒരു പാതയാണ് കിർത്താപുർ-മണാലി ഹൈവേ. ഈ ടണലുകളുടെയെല്ലാം പണി പൂർത്തിയായിട്ടുണ്ട്. ഇനി പണി പൂർത്തിയാകാനുള്ളത് ഒരു ഫ്ലൈഓവർ അടങ്ങുന്ന ഒരു ചെറിയ സ്ട്രെച്ചിന്റേതാണ്. ഈരണ്ട് ലേനുകളുള്ള രണ്ട് ഫ്ലൈഓവറുകളിലൊന്നിന്റെ പണി കഴിഞ്ഞിട്ടുണ്ട്. ഒന്നിന്റേതുകൂടി പൂർത്തിയാകാനുണ്ട്.

നിലവിൽ പാതയിലുടനീളം സൈൻ ബോർഡുകളും ലൈറ്റുകളും സ്ഥാപിക്കുകയാണ്. ഹൈവേയിലെ പെയിന്റിങ് വർക്കുകളും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നുണ്ട്. ടോൾ പ്ലാസകളുടെയും പണികൾ കഴിഞ്ഞിട്ടുണ്ട്. ഇവിടങ്ങളിൽ കാഷ് ആയും ഡിജിറ്റലായും പേയ്മെന്റ് സ്വീകരിക്കും. ഏഴ് ലേനുകളാണ് ടോൾ പ്ലാസയിലുണ്ടാവുക. അഞ്ച് ലേനുകളിലൂടെ സാധാരണ വാഹനങ്ങൾക്ക് പോകാം. ബാക്കി രണ്ട് ലേനുകളിലൂടെ അടിയന്തിര സർവ്വീസുകളും വിഐപി വാഹനങ്ങളും കടന്നുപോകും.

എൻഎച്ച് 154ലാണ് ഈ ഹൈവേ വരിക. എന്നാൽ ചില ഭാഗങ്ങൾ പഴയ എൻഎച്ച് 205ന്റെയും ഭാഗമായി വരും. പുതിയ ഭാഗങ്ങൾ എൻഎച്ച് 154 എന്നറിയപ്പെടും. റോഡിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി തന്നെയായിരിക്കും.

പാതയിലുടനീളം സൗന്ദര്യവൽക്കരണ പരിപാടികളും പുരോഗമിക്കുന്നുണ്ട്. 27712 ചെടികൾ ഇതിനകം നട്ടു കഴിഞ്ഞിട്ടുണ്ട്. 10 വർഷമെടുത്താണ് ഈ നാലുവരിപ്പാത പൂർത്തീകരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 4200 കോടി രൂപ ചെലവായി ഇതുവരെ. 2013ൽ യുപിഎ സർക്കാരിന്റെ കാലത്താണ് ഈ ഹൈവേയുടെ പണി തുടങ്ങുന്നത്. 2017ൽ ഈ പാതയുടെ പണി നിന്നുപോയി. പണി ഏറ്റെടുത്ത കമ്പനി പാപ്പരായതായിരുന്നു കാരണം. മൂന്നുവർഷമാണ് പണി പൂർണമായും നിന്നത്. ഈ റോഡിനു പിന്നാലെ സുന്ദർനഗർ ബൈപാസ് റോഡു കൂടി വരാനുണ്ട്. ഇത് 2024 ജൂണ 13നുള്ളിൽ തീർക്കാനാണ് ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.