കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടു കുട്ടികളെ തിരയില്‍പ്പെട്ട് കാണാതായി. കോഴിക്കോട് ലയണ്‍സ് പാര്‍ക്കിന് സമീപം ബീച്ചില്‍ പന്തുകളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പന്ത് കടലിലേക്ക് പോയത് എടുക്കാന്‍ പോയ കുട്ടികളാണ് തിരയില്‍പ്പെട്ടത്. ഒളവണ്ണ സ്വദേശികളാണ് കടലില്‍ കാണാതായവര്‍. കുട്ടികള്‍ക്കായി തിരച്ചില്‍ തുടരുന്നു.

അഞ്ച് കുട്ടികൾ ചേർന്ന് ഫുട്ബോൾ കളിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പന്ത് പോയ സാഹചര്യത്തിൽ ഇവരിൽ മൂന്ന് പേർ കടലിൽ ഇറങ്ങിയിരുന്നു. മൂന്നാമത്തെ കുട്ടിയെ മറ്റ് കുട്ടികൾ ചേർന്ന് രക്ഷപ്പെടുത്തിയതാണെന്നും നാട്ടുകാർ പറഞ്ഞു.