മലപ്പുറം: കോഴിക്കോട് കൊല്ലപ്പെട്ട സിദ്ധിഖ് തിരൂരിലെ വീട്ടിൽ നിന്നും കോഴിക്കോട്ടെ ഹോട്ടലിലേക്ക് പോയത് ഈ മാസം 18 ന്. ചിലപ്പോൾ ഒന്നും രണ്ടും ആഴ്ച കഴിഞ്ഞ് തിരിച്ചു എത്താറാണ് പതിവെന്ന് സിദ്ധീഖിന്റെ മകൻ പറയുന്നു. എന്നാൽ ഫോൺ സ്വിച്ച് ഓഫ്‌ ആയത് കാരണം മകൻ ബുധനാഴ്ച്ച പൊലീസിൽ പരാതി നൽകി. എടിഎമ്മിൽ നിന്നും പണം പിൻവലിച്ച സന്ദേശങ്ങളും മകന്റെ ഫോണിൽ ലഭിച്ചിരുന്നു. ഇതാണ് സംശയത്തിന് കാരണമായത്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ ചെന്നൈയിൽ പിടിയിലായിട്ടുണ്ട്. സിദ്ധിഖിന്റെ ഹോട്ടലിലെ തൊഴിലാളി ഷിബിലി, ഇയാളുടെ പെൺസുഹൃത്ത് ഫർഹാന എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരിപ്പോൾ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ ചെന്നൈയിലാണ് ഉള്ളത്. പ്രതിയായ ഷിബിലിന് 22 വയസാണ് പ്രായം. ഇയാളുടെ പെൺസുഹൃത്ത് ഫർഹാനയ്ക്ക് 18 വയസാണ് പ്രായം. ഇരുവരും ഇന്നലെ മുതൽ ഒളിവിലായിരുന്നു. പിന്നീട് ചെന്നൈയിലേക്ക് മുങ്ങിയ ഇവരെ കേരളാ പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേരളാ പൊലീസ് സംഘം ചെന്നൈയിലെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും.