സിഡ്‌നി: ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് ഇത്തവണത്തെ ഐപിഎല്ലില്‍ ഒരു ടീമിലും അംഗമല്ല. താരത്തെ മിനി ലേലത്തില്‍ ആരും വിളിച്ചെടുത്തിരുന്നില്ല. 2021ന് ശേഷം താരം ഐപിഎല്‍ കളിച്ചിട്ടില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനായാണ് അവസാനമായി താരം കളത്തിലെത്തിയത്. 

ആകാംക്ഷ നിറയ്ക്കുന്നൊരു വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് സ്മിത്ത്. ഇത്തവണത്തെ ഐപിഎല്ലില്‍ താനുണ്ടാകുമെന്ന അമ്പരപ്പിക്കുന്ന പ്രഖ്യാപനമാണ് താരം വീഡിയോയിലൂടെ നടത്തിയത്. എന്നാല്‍ ഏത് ടീമാണെന്ന് താരം പറയുന്നില്ല. 

നമസ്‌തേ ഇന്ത്യ, നിങ്ങള്‍ക്ക് ആവേശം തരുന്ന ഒരു കാര്യം ഞാന്‍ വെളിപ്പെടുത്തുന്നു. ഞാനും 2023ലെ ഐപിഎല്ലിന്റെ ഭാഗമാകുകയാണ്. ഇന്ത്യയിലെ അസാധാരണത്വം നിറഞ്ഞ ആവേശം തരുന്നു ഒരു ടീമിനൊപ്പം ഞാന്‍ ചേരുകയാണ്’- എന്നാണ് സ്മിത്ത് വീഡിയോയില്‍ പറയുന്നത്. ഏത് ടീമിലേക്കാണ് സ്മിത്ത് എത്തുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. 

തിരിച്ചുവരവ് ഐപിഎൽ കമന്റേറ്ററായാണ് എന്നും വാർത്തകളുണ്ട്.

ഐപിഎല്ലില്‍ ആറ് ടീമുകള്‍ക്കായി നേരത്തെ കളിച്ചിട്ടുള്ള താരമാണ് സ്മിത്ത്. 2021ന് ശേഷം പക്ഷേ താരം ഐപിഎല്ലില്‍ കളിച്ചിട്ടില്ല. ഐപിഎല്ലില്‍ 100ന് മുകളില്‍ മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.