ന്യൂയോർക്ക് : യു.എസിൽ 2024ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പ്രൈമറി പോരാട്ടത്തിനുള്ള ആദ്യ റാലിക്ക് തുടക്കം കുറിച്ച് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ശനിയാഴ്ച ടെക്സസിലെ വാകോയിലാണ് ട്രംപിന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചത്.

95 മിനിറ്റോളം നീണ്ട പ്രസംഗത്തിൽ താൻ നേരിടുന്ന നിയമനടപടികളെ നീതിന്യായ വ്യവസ്ഥയുടെ ആയുധവത്കരണമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. നിലവിൽ പോൺ താരം സ്റ്റോമി ഡാനിയൽസുമായി ട്രംപിനുണ്ടായിരുന്ന ബന്ധം കേന്ദ്രീകരിച്ച് മാൻഹട്ടൻ ഡിസ്ട്രിക്‌ട് അറ്റോർണി ഓഫീസ് നടത്തുന്ന അന്വേഷണം വിവാദമായിരിക്കുകയാണ്. ബന്ധം പുറത്തറിയാതിരിക്കാൻ 2016ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ട്രംപ് സ്റ്റോമിയ്ക്ക് 130,​000 ഡോളർ അഭിഭാഷകൻ വഴി നൽകിയെന്നാണ് ആരോപണം.

കേസിൽ ട്രംപിനെ പ്രതിയാക്കണോ എന്ന ആലോചനയിലാണ് പ്രോസിക്യൂട്ടർമാർ. കുറ്റംചുമത്തിയാൽ ക്രിമിനൽ നടപടി നേരിടുന്ന ആദ്യ മുൻ പ്രസിഡന്റാകും ട്രംപ്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച ട്രംപ് സ്റ്റോമിയുമായുള്ള ബന്ധം നിഷേധിച്ചിരുന്നു. കുറ്റകരമായ ഒന്നും താൻ ചെയ്തില്ലെന്ന് റാലിക്കിടെ ട്രംപ് ആവർത്തിച്ചു. കേസിൽ താൻ അറസ്റ്റ് ചെയ്യപ്പെടുമെന്നും അണികൾ പ്രതിഷേധിക്കണമെന്നും ട്രംപ് കഴിഞ്ഞാഴ്ച ആഹ്വാനം ചെയ്തിരുന്നു.