വാഷിങ്ടൺ: പൈലറ്റുമാരിൽ ഒരാൾ കുഴഞ്ഞുവീണതോടെ വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ സഹായിച്ചത് യാത്രക്കാരനായ മറ്റൊരു പൈലറ്റ്. സൗത്ത്വെസ്റ്റ് എയർലൈൻസ് വിമാനത്തിലാണ് സംഭവം.

യു.എസിലെ ലാസ് വേഗസിൽനിന്ന് ഒഹിയോയിലെ കൊളമ്പസിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. വിമാനം പറന്നുയർന്നതിന് പിന്നാലെ പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതേത്തുടർന്ന് അദ്ദേഹത്തിന് വൈദ്യസഹായം നൽകുന്നതിനായി വിമാനം ലാസ് വേഗസിൽതന്നെ അടിയന്തരമായി ഇറക്കേണ്ടിവന്നു. ഇതോടെ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന അവധിയിലുണ്ടായിരുന്ന മറ്റൊരു വിമാനക്കമ്പനിയിലെ പൈലറ്റ് സഹായിക്കാൻ രംഗത്തിറങ്ങി. അദ്ദേഹം എയർട്രാഫിക് കൺട്രോളുമായി ആശയവിനിമയം നടത്തുകയും സഹപൈലറ്റ് വിമാനം സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു. കടുത്ത വയറുവേദന അനുഭവപ്പെട്ടതിന് പിന്നാലെയാണ്പൈലറ്റ് കുഴഞ്ഞുവീണത്.

ഇതോടെ വിമാനം നിലത്തിറക്കേണ്ടിവന്നു. അപദ്ഘട്ടത്തിൽ സഹായിച്ച അവധിയിലുണ്ടായിരുന്ന പൈലറ്റിന് സൗത്ത്വെസ്റ്റ് എയർലൈൻസ് നന്ദിയറിയിച്ചു. ഒന്നേകാൽ മണിക്കൂറോളം നേരം വിമാനം ആകാശത്ത് പറന്നിരുന്നു. തുടർന്നാണ് തിരിച്ചിറക്കിയത്. പിന്നീട് പകരം പൈലറ്റുമാരെത്തി എത്തി വിമാനം കൊളംബസിലേക്കു പറന്നു. സംഭവത്തെപ്പറ്റി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്.