ഈ വര്‍ഷം നാട്ടില്‍വെച്ച് നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലെ ഇന്ത്യന്‍ ടീമിനെക്കുറിച്ച് നിര്‍ണായക സൂചന നല്‍കി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ടൂര്‍ണമെന്റിനായി 20 പേരുടെ ചുരുക്കപട്ടിക തയ്യാറാക്കിയതായി ബിസിസിഐ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പട്ടിക 17-18 പേരിലേക്കു ചുരുക്കിയിട്ടുണ്ടെന്നാണ് ദ്രാവിഡ് അറിയിച്ചിരിക്കുന്നത്.

ലോകകപ്പില്‍ എങ്ങനെയുള്ള ടീമിനയാണ് ഞങ്ങള്‍ക്കു വേണ്ടത് എന്നതിനെക്കുറിച്ച് ധാരണയുണ്ട്. പരിക്കേറ്റു വിശ്രമിക്കുന്ന ചിലര്‍ ഈ സംഘത്തിലേക്കു തിരിച്ചെത്തുകയും ചെയ്യും. ഈ താരങ്ങള്‍ക്കു കഴിയുന്നത്രയും അവസരങ്ങള്‍ നല്‍കാനാണ് ഞങ്ങളുടെ ശ്രമം. ടീമിനെ 17-18 പേരിലേക്കു ചുരുക്കിയിട്ടുണ്ട്.

വ്യത്യസ്തമായ ചില കോമ്പിനേഷനുകള്‍ പരീക്ഷിക്കാന്‍ ഞങ്ങള്‍ക്കു താല്‍പ്പര്യമുണ്ട്. ഇതില്‍ ഏതാണ് നന്നായി വര്‍ക്ക് ചെയ്യുകയെന്നും അറിയണം. ലോകകപ്പെന്നത് വലിയ ടൂര്‍ണമെന്റാണ്. ഒമ്പതു വ്യത്യസ്ത നഗരങ്ങളില്‍, വ്യത്യസ്ത സാഹചര്യങ്ങളില്‍ ഞങ്ങള്‍ കളിക്കുന്നുണ്ട്- ദ്രാവിഡ് പറഞ്ഞു.

ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ 17-18 പേരിലേക്കു ചുരുക്കിയതോടെ സഞ്ജു സാംസണും ഇഷാന്‍ കിഷനുമാണ് പുറത്തായ രണ്ട് പേര്‍ എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. സോഷ്യല്‍ മീഡിയയിലും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തലപൊക്കിയിട്ടുണ്ട്.