ജലം ലഭ്യമാക്കാനുള്ള സാർവത്രിക മനുഷ്യാവകാശം ഉറപ്പാക്കാൻ ദൃഢവും ഫലപ്രദവുമായ നടപടിക്ക് ആഹ്വാനം ചെയ്തു ഫ്രാൻസിസ് പാപ്പാ. ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ “ജലവും പ്രതീക്ഷയും: സുസ്ഥിര വികസനവും നമ്മുടെ പൊതുഭവനത്തിന്റെ പരിപാലനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അനുഭവങ്ങളും വെല്ലുവിളികളും” എന്ന അന്താരാഷ്ട്ര പരിപാടിയിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം ആഹ്വാനം ചെയ്തത്.

ഇന്ന് മനുഷ്യകുലം അഭിമുഖീകരിക്കുന്ന “അപകടകരവും നാടകീയവുമായ” പ്രശ്‌നങ്ങൾക്ക് മുന്നിൽ ഈ സംരംഭം “പ്രതീക്ഷയുടെ ഒരു നദിയാണ് വച്ച് നീട്ടുന്നതെന്ന്” ഫ്രാൻസിസ് പാപ്പാ അഭിപ്രായപ്പെട്ടു. മാർച്ച് 22 ‘ലോക ജലദിനം’ ആയി പ്രഖ്യാപിച്ച് മുപ്പത് വർഷത്തിന് ശേഷം, ഒഴിച്ചുകൂടാനാവാത്ത ഈ വിഭവത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങൾ, വർദ്ധിച്ചുവരുന്ന അസമത്വങ്ങൾ, തുടങ്ങിയ പ്രശ്നങ്ങളെ കുറിച്ചും ലഭ്യമാകുന്ന വിവരങ്ങൾ ഭയപ്പെടുത്തുന്നതും ദാരുണവുമാണ്. അതിനാൽ പ്രവർത്തനത്തിനുള്ള ആഹ്വാനം ദൃഡവും ഫലപ്രദവുമായിരിക്കണം, പാപ്പാ ഊന്നി പറഞ്ഞു.

ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ജല സമ്മേളനം ലോകത്തിന് ആവശ്യമായ പരിഹാരങ്ങൾ കണ്ടെത്തുമെന്നും അങ്ങനെ, വെള്ളത്തിനും, ആരോഗ്യത്തിനും സാർവ്വത്രികമായ ലഭ്യത ഉറപ്പാക്കുന്നതിലൂടെ, ഈ അവകാശം “പൂർണ്ണമായി നിറവേറ്റാൻ” നമുക്ക് കഴിയുമെന്നും പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.