യു.എസ്. നേതൃത്വത്തിലുള്ള സഖ്യസേനയുടെ ഇറാഖ് അധിനിവേശവും ഇറാഖി സ്വേച്ഛാധിപതി സദ്ദാം ഹുസൈനെ തുടർന്നുള്ള അട്ടിമറിയും ആരംഭിച്ചതിന്റെ 20-ാം വാർഷികത്തിലൂടെ കടന്നു പോവുകയാണ് ഇറാഖി ജനത. രണ്ട് പതിറ്റാണ്ടിലേറെയായി നീണ്ടു നിന്ന അയൽ രാജ്യങ്ങളുമായുള്ള യുദ്ധം, അന്താരാഷ്ട്ര ഉപരോധങ്ങൾ, സദ്ദാം ഹുസൈന്റെ സ്വേച്ഛാധിപത്യ ഭരണത്തിൻ കീഴിൽ ശക്തവും കർശനമായി നിയന്ത്രിതവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കൽ എന്നിവയുടെ പരിസമാപ്തിയായിരുന്നു ഈ അധിനിവേശം. എല്ലാം അവസാനിച്ചു എങ്കിലും നാളിതുവരെയും ആ പീഡനങ്ങളുടെ ഓർമയിൽ നിന്നും കരകയറുവാൻ കഴിഞ്ഞിട്ടില്ല ഇറാഖിലെ ക്രൈസ്തവർക്ക്.

ആഭ്യന്തര വിഭാഗീയ അക്രമവും ഇറാഖിലെ രണ്ടായിരത്തോളം വർഷം പഴക്കമുള്ള ക്രിസ്ത്യൻ സമൂഹങ്ങളുടെ വൻതോതിലുള്ള പലായനവും തുടരുന്ന സാഹചര്യത്തിനിടയിലേക്കാണ് 2003 മാർച്ചിൽ യു എസ് അധിനിവേശം നടക്കുന്നത്. രണ്ടാം യുഎസ്-ഇറാഖ് യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, ഇറാഖിലെ ക്രിസ്ത്യാനികളുടെ എണ്ണം 1-2 ദശലക്ഷത്തിനിടയിൽ ആയിരുന്നു. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, ഈ സംഖ്യ 80% കുറഞ്ഞതായി കണക്കാക്കപ്പെടുന്നു. ഇറാഖിൽ 250,000 ൽ താഴെ ക്രൈസ്തവർ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ.

2005-നും 2011-നും ഇടയിൽ, രാജ്യത്തിന്റെ സുരക്ഷാ വീഴ്ചയും വിഭാഗീയ ആഭ്യന്തരയുദ്ധവും ക്രിസ്ത്യൻ പള്ളികളെയും കുടുംബങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുടെ ഒരു നീണ്ട പരമ്പരയ്ക്ക് കളമൊരുക്കി. 2014 നും 2017 നും ഇടയിൽ, ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള ഇറാഖിലെ മതന്യൂനപക്ഷങ്ങൾക്കെതിരെ ഐസിസ് നടത്തിയ സംഘട്ടനവും വംശഹത്യയുടെ ശ്രമവും, കൂടുതൽ ക്രിസ്ത്യാനികൾ ഇറാഖ് വിടുന്നതിലേക്ക് നയിച്ചു.

ഇന്ന് ഇറാഖി ക്രിസ്ത്യാനികൾ ഒരു അനിശ്ചിത ഭാവിയിലേക്കാണ് ഉറ്റുനോക്കുന്നത്. താരതമ്യേന ശാന്തമായ ഒരു സുരക്ഷാ സാഹചര്യം നിലവിലുണ്ടെങ്കിലും, സാമ്പത്തികവും രാഷ്ട്രീയവുമായ വെല്ലുവിളികൾ മൂലം മറ്റെവിടെയെങ്കിലും തങ്ങളുടെ കുട്ടികൾക്ക് മെച്ചപ്പെട്ട ഭാവി തേടുന്നതിനായി ഇറാഖിൽ നിന്ന് കുടിയേറുന്ന ഇറാഖി ക്രിസ്ത്യാനികൾ ശ്രമിക്കുന്നു. ചില ക്രിസ്ത്യാനികൾ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലെ സമാനമായ പീഡനങ്ങൾ തങ്ങളുടെ മക്കളുടെ തലമുറയിൽ ആവർത്തിക്കുമെന്ന് ഭയപ്പെടുന്നു. മറ്റു ചിലർ നവീകരിക്കപ്പെട്ട വിശ്വാസത്തെ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു.