ഹിൻഡൻബർഗ് റിസർച്ച് നടത്തിയ ആരോപണങ്ങൾ തള്ളി യുഎസ് പേയ്‌മെന്റ് സ്ഥാപനമായ ബ്ലോക്ക് ഐഎൻസി. ഷോർട്ട് സെല്ലർക്കെതിരെ നിയമ നടപടികളുടെ സാധ്യത തേടുകയാണെന്നും വ്യക്തമാക്കി. തങ്ങളുടെ ക്യാഷ് ആപ്പ് ബിസിനസിനെക്കുറിച്ചുള്ള ഷോർട്ട് സെല്ലറുടെ റിപ്പോർട്ട് വസ്‌തുതാപരമായി ശരിയല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കമ്പനി പറഞ്ഞു. മുഴുവൻ റിപ്പോർട്ടും അവലോകനം ചെയ്‌ത ശേഷം, നിക്ഷേപകരെ കബളിപ്പിക്കാനും, ആശയക്കുഴപ്പത്തിലാക്കാനുമാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും ബ്ലോക്ക് വ്യക്തമാക്കി.

നേരത്തെ, യുഎസ് ഷോർട്ട് സെല്ലർ സ്ഥാപനമായ ഹിൻഡൻബർഗ് ബ്ലോക്കിനെതിരെ യഥാർത്ഥ ഉപയോക്തൃ എണ്ണം അമിതമായി കണക്കാക്കുകയും, ഉപഭോക്തൃ ഏറ്റെടുക്കൽ ചെലവ് കുറച്ചുകാണിക്കുകയും ചെയ്‌തുവെന്ന് ആരോപിച്ചിരുന്നു. പാൻഡെമിക് സമയത്ത് കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ ജാക്ക് ഡോർസി ബില്യൺ ഡോളറിന്റെ ഓഹരികൾ വിറ്റ് പണം സമ്പാദിച്ചതായും റിപ്പോർട്ട് കുറ്റപ്പെടുത്തി.

വ്യാജ അക്കൗണ്ടുകളുടെയും പേയ്‌മെന്റുകളുടെയും സംഭാവനയെ അവഗണിച്ച് ബ്ലോക്ക് അതിന്റെ ഉപയോക്താക്കളുടെ എണ്ണത്തിലും വരുമാനത്തിലും വർദ്ധനവ് റിപ്പോർട്ട് ചെയ്‌തതായി ഹിൻഡൻബർഗ് അവകാശപ്പെട്ടു. പുതിയ പദ്ധതി ബ്ലോക്കിന്റെ ഓഹരിയ്ക്ക് ഒറ്റത്തവണ വർദ്ധനവ് നൽകി, ഇത് പകർച്ചവ്യാധി സമയത്ത് 18 മാസത്തിനുള്ളിൽ 639 ശതമാനം ഉയർന്നതായി റിപ്പോർട്ട് പറയുന്നു.

തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ ബ്ലോക്കിന്റെ ഓഹരികൾ കുതിച്ചുയർന്നപ്പോൾ, സഹസ്ഥാപകരായ ജാക്ക് ഡോർസിയും ജെയിംസ് മക്കെൽവിയും പാൻഡെമിക് സമയത്ത് 1 ബില്യൺ ഡോളറിലധികം ഓഹരികൾ വിറ്റുവെന്നും റിപ്പോർട്ട് ആരോപിക്കുന്നു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഒന്നിലധികം വ്യക്തികളുടെ പേരിൽ തൊഴിലില്ലായ്‌മ പേയ്‌മെന്റുകൾ സ്വീകരിക്കാൻ സിംഗിൾ അക്കൗണ്ടുകളെ അനുവദിക്കുന്നതും, ഫലവത്തില്ലാത്ത വിലാസ പരിശോധനയും പോലുള്ള വഞ്ചന എളുപ്പമാക്കുന്ന വീഴ്‌ചകൾ കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന് ഹിൻഡൻബർഗ് അവകാശപ്പെട്ടു.

എന്നാൽ, തങ്ങളുടെ ഉൽപ്പന്നങ്ങൾ, റിപ്പോർട്ടിംഗ്, കംപ്ലയിൻസ് പ്രോഗ്രാമുകൾ, നിയന്ത്രണങ്ങൾ എന്നിവയിൽ ആത്മവിശ്വാസമുണ്ടെന്ന് ബ്ലോക്ക് വ്യക്തമാക്കി. നിയമനടപടികൾ സ്വീകരിക്കുന്നതിന് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷനുമായി ചേർന്ന് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നതായി ബ്ലോക്ക് പറഞ്ഞു. റിപ്പോർട്ടിനെത്തുടർന്ന്, ബ്ലോക്കിന്റെ ഓഹരികൾ ഉച്ചതിരിഞ്ഞ് നടന്ന വ്യാപാരത്തിൽ 14 ശതമാനം ഇടിഞ്ഞ് 62.61 ഡോളറിലെത്തി.