തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ പിഴപ്പിരിവുമായി ബന്ധപ്പെട്ട വാർത്തയ്ക്ക് എതിരായ ധനമന്ത്രി കെ എൻ ബാലഗോപാലിൻറെ വാദം പൊളിയുന്നു. പിഴ പിരിച്ചെടുക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണറാണ് നിർദേശം നൽകിയത്. സർക്കുലറിന്റെ പകർപ്പ് റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു. ഗതാഗത നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴയായി തുക പിരിച്ചെടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്

ജോയന്റ് ആർടിഒ വരെയുള്ള ഉദ്യോഗസ്ഥർക്കാണ് സർക്കുലർ അയച്ചത്. ഗതാഗത നിയമ ലംഘനങ്ങൾക്ക് 1000 കോടി പിഴപ്പിരിവിനാണ് ട്രാൻസ്പോർട്ട് കമ്മീഷണർ നിർദേശം നൽകിയത്. ഈ സാമ്പത്തിക വർഷത്തേക്ക് ഉയർന്ന ടാർഗറ്റാണ് നിശ്ചയിച്ച് നൽകിയിരിക്കുന്നത്.

2022-23 വർഷം എംവിഡി പിരിക്കേണ്ട പുതുക്കിയ ടാർഗറ്റ് എന്ന പേരിലാണ് സർക്കുലർ പുറത്തിറക്കിയത്. മോട്ടോർ വാഹന വകുപ്പ് 2022-23 വർഷം സ്വരൂപിക്കേണ്ട തുക 5300.71യാണ്. 2022-23 വർഷത്തേക്ക് ആദ്യം നൽകിയ ടാർഗറ്റ് 4138.58 കോടി രൂപയായിരുന്നു.

വാർത്ത നിഷേധിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തിയിരുന്നു. യാതൊരു അടിസ്ഥാനവുമില്ലാത്ത വാർത്തയാണ്, വ്യാജ വാർത്ത തള്ളിക്കളയുകയെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. ജനങ്ങളെ പിഴിയാനുള്ള യന്ത്രമാക്കി മോട്ടോർ വാഹന വകുപ്പിനെ മാറ്റിയിരിക്കുകയാണ് സർക്കാരെന്ന ആരോപണവും ഇതിനെതിരെ ഉയർന്നിരുന്നു.