ദാനി ഗ്രൂപ്പിനെതിരെ ക്രമക്കേടുകൾ ആരോപിച്ച് രംഗത്തെത്തിയ ഷോർട്ട് സെല്ലർ ഹിൻഡൻബർഗ്, പേമെന്റ്സ് സ്ഥാപനമായ ബ്ലോക്കിനെതിരെ (block inc) വെളിപ്പെടുത്തലുകളുമായി രംഗത്ത്. ബ്ലോക്ക് യഥാർത്ഥ ഉപഭോക്താക്കളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചുവെന്നും പുതിയ ഉപഭോക്താക്കളെ കണ്ടെത്താനുള്ള ചെലവ് കുറച്ചുകാട്ടിയെന്നും ഹിൻഡെൻബർഗ് റിപ്പോർട്ടിൽ പറയുന്നു. ട്വിറ്റർ സഹസ്ഥാപകനും മുൻ ട്വിറ്റർ മേധാവിയുമായ ജാക്ക് ഡോർസിയുടെ നേതൃത്വത്തിലുള്ള സ്ഥാപനമാണ് ബ്ലോക്ക്.

കണക്കുകളിൽ കൃത്രിമം കാണിച്ച് ഭരണകൂടത്തേയും ഉപഭോക്താക്കളെയും ബ്ലോക്ക് വഞ്ചിക്കുകയായിരുന്നുവെന്നും ഇതിലൂടെ നിയന്ത്രണങ്ങളെ മറികടക്കാനും വായ്പകൾ നേടാനും ശ്രമിച്ചെന്നും നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചെന്നും ഹിൻഡൻബർഗ് പറയുന്നു. 

മുൻ ജീവനക്കാരുമായും വാണിജ്യ പങ്കാളികളുമായും വാണിജ്യ വിദഗ്ദരുമായും സംസാരിക്കുകയും വിവിധ രേഖകൾ പരിശോധിക്കുകയും ചെയ്തതിന് ശേഷമാണ് ഈ വിവരങ്ങൾ പുറത്തുവിടുന്നതെന്നും ഹിൻഡൻബർഗ്വ്യക്തമാക്കി.

ബ്ലോക്കിലെ 40 ശതമാനം മുതൽ 75 ശതമാനം വരെ അക്കൗണ്ടുകളും വ്യാജമാണെന്നാണ് മുൻ ജീവനക്കാർ നൽകുന്ന വിവരം. ഒരാളുടെ തന്നെ ഒന്നിലധികം അക്കൗണ്ടുകളും ബ്ലോക്കിനുണ്ട്. സാമ്പത്തികതട്ടിപ്പിനും മറ്റുമായി കുറ്റവാളികൾ വ്യാപകമായി അക്കൗണ്ടുകൾ ഉണ്ടാക്കുന്നുണ്ട്. അത്തരത്തിലുള്ള പല അക്കൗണ്ടുകളും തിരിച്ചറിയുകയും അവ നിർജീവമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അക്കൗണ്ടുകൾ മാത്രമാണ് ഈ രീതിയിൽ ബ്ലാക്ക് ലിസ്റ്റ് ചെയ്തിരുന്നത്. അതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് വീണ്ടും അക്കൗണ്ടുകൾ തുറക്കാൻ സാധിക്കുന്നുണ്ട്.

കോവിഡ് കാലത്ത് കമ്പനിയുടെ ഓഹരി മൂല്യം ഉയർന്നതോടെ കമ്പനിയുടെ സഹസ്ഥാപകരായ ജാക്ക് ഡോർസിയും ജെയിംസ് മക്ക് കെൽവിയും 100 കോടി ഡോളറിന്റെ ഓഹരി വിറ്റിരുന്നു. ഇപ്പോൾ ഹിൻഡെൻബർഗിന്റെ വെളിപ്പെടുത്തലോടെ ബ്ലോക്കിന്റെ ഓഹരിയിൽ 18 ശതമാനം ഇടിവുണ്ടായതായാണ് റിപ്പോർട്ടുകൾ.