ന്യൂയോർക്: അമേരിക്കയിൽ ഞെട്ടിക്കുന്ന വളർച്ച നേടിക്കൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ടിക് ടോക്. ബൈറ്റ്ഡാൻസിന് കീഴിലുള്ള ചൈനീസ് ഷോർട്ട് വിഡിയോ ഷെയറിങ് ആപ്പിന് നിലവിൽ യു.എസിൽ 150 ദശലക്ഷം യൂസർമാരാണുള്ളത്. അമേരിക്കൻ സോഷ്യൽ മീഡിയ ഭീമൻമാരെ പോലും പിന്നിലാക്കിയാണ് ടിക് ടോക്കിന്റെ കുതിപ്പ്. കണക്കുകൾ ​പ്രകാരം മെറ്റയും ഗൂഗിളുമടക്കമുള്ള കമ്പനികളുടെ ആപ്പുകളേക്കാൾ യുവാക്കൾ ടിക് ടോകിലാണ് കൂടുതൽ സമയം ചിലവിടുന്നത്.

അതേസമയം, അമേരിക്ക ടിക് ടോകിനെതിരെ നിയന്ത്രണ നടപടികൾ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. യു.എസ് യൂസർമാരുടെ ഡാറ്റ ടിക് ടോക് ചൈനയിലേക്ക് കടത്തുന്നതായും തങ്ങളുടെ രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ ടിക് ടോക് ഉപയോഗിച്ച് നിരീക്ഷിക്കുന്നതായുമുള്ള ആരോപണങ്ങളാണ് അമേരിക്ക ഉന്നയിക്കുന്നത്. ടിക് ടോകിനെ രാജ്യത്ത് നിലനിർത്തണമെങ്കിൽ ബൈറ്റ്ഡാൻസിനെ ഉടമസ്ഥതയിൽ നിന്ന് മാറ്റി അമേരിക്കൻ കമ്പനിയെ കൊണ്ടുവരണമെന്നും യു.എസ് ആവശ്യപ്പെടുന്നുണ്ട്.

എന്നാൽ, തെറ്റായവിവരങ്ങൾ പ്രചരിപ്പിച്ച് ടിക് ടോക്കിനെ അമേരിക്ക തകർക്കാൻ ശ്രമിക്കുന്നതായാണ് ചൈന ആരോപിക്കുന്നത്. ദേശീയസുരക്ഷയ്ക്ക് ടിക് ടോക്ക് ഭീഷണിയാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കാൻ ഇതുവരെ യു.എസിന് കഴിഞ്ഞിട്ടില്ല. ദേശീയസുരക്ഷയുടെ പേര് പറഞ്ഞ് വിദേശകമ്പനികളെ തകർക്കുന്ന സമീപനമാണ് യു.എസ്. സ്വീകരിക്കുന്നതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം ആരോപിക്കുന്നു.

അതേസമയം, ടിക് ടോകിന് നിരോധനം ഏർപ്പെടുത്തുന്നതിനെ എതിർത്ത് ബുധനാഴ്ച യുഎസ് കോൺഗ്രസിന് പുറത്ത് ഒരു കൂട്ടം ടിക് ടോക് കണ്ടന്റ് ക്രിയേറ്റർമാർ ഒത്തുകൂടി. ആപ്പിന്റെ ഡാറ്റ സുരക്ഷ, സ്വകാര്യതാ രീതികൾ, ബീജിംഗുമായുള്ള ബന്ധങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരിക്കുന്നതിനായി ടിക് ടോക്ക് സിഇഒ ഷൗ സി ച്യൂ കോൺഗ്രസിന് മുമ്പാകെ ഹാജരാകുന്നതിന് ഒരു ദിവസം മുമ്പാണ് ടിക് ടോക് യൂസർമാർ ​പ്രതിഷേധവുമായി എത്തിയത്.

ടിക് ടോകിനെ നിലനിർത്തണമെന്ന് കാട്ടുന്ന പോസ്റ്ററുകളും ബാനറുകളുമായാണ് അവർ എത്തിയത്. തങ്ങളെയും തങ്ങളുടെ ബിസിനസിനെയും വളർത്തിയത് ടിക് ടോക് ആണെന്ന് ചിലർ പറഞ്ഞു. നിരവധി ഡെമോക്രാറ്റിക് സെനറ്റംഗങ്ങളും അവർക്കൊപ്പമുണ്ടായിരുന്നു.