ന്യൂ ഡൽഹി: വ്യവസായി ഗൗതം അദാനിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് എംപിമാർ ധനമന്ത്രി നിർമല സീതാരാമന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും (ഇഡി) ഓഫീസിലെത്തി പ്രതിഷേധം നടത്തി. തൃണമൂൽ എംപിമാരായ ഡോല സെൻ, ശാന്ത ഛേത്രി, പ്രസൂൺ ബാനർജി, അപരൂപ പോദ്ദാർ എന്നിവരാണ് ഗൗതം അദാനിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കത്തുമായി ധനമന്ത്രിയുടെയും ഇഡിയുടെയും ഓഫീസിലെത്തിയത്. എന്നാൽ പ്രതിഷേധക്കാരെ ഇഡി ഓഫീസിലേക്ക് പ്രവേശിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിച്ചില്ല.

“ജനങ്ങളെ ദുരിതത്തിലാക്കുന്ന അഴിമതിക്കാർക്കെതിരായ നടപടി എടുക്കുന്നവരെ പോരാട്ടത്തിൽ ഞങ്ങൾ പിന്നോട്ട് പോകില്ല.”- ടിഎംസി ട്വീറ്റ് ചെയ്തു. യുഎസിലെ ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ച്, അദാനി ഗ്രൂപ്പിനെതിരെ സ്റ്റോക്ക് കൃത്രിമത്വവും അക്കൗണ്ടിംഗ് തട്ടിപ്പും ആരോപിച്ചു കൊണ്ടുള്ള റിപ്പോർട്ട് പുറത്ത് വിട്ടതോടെ, വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.