തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിനിടെയുണ്ടായ സംഘർഷത്തിൽ സർക്കാരിനെയും പൊലീസിനെയും വെട്ടിലാക്കി മെഡിക്കൽ റിപ്പോർട്ട്. സംഘർഷത്തിൽ പരിക്കേറ്റെന്നാരോപിച്ച് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ പരാതി നൽകിയ രണ്ട് വനിത വാച്ച് ആൻഡ് വാർഡുമാരുടെ കാലിന് പൊട്ടലില്ലെന്നാണ് റിപ്പോർട്ട്. ഇത് കേസ് രജിസ്റ്റർ ചെയ്ത പൊലീസിനും അത് ആയുധമാക്കിയ ഭരണപക്ഷത്തിനും തിരിച്ചടിയായി. അതിനിടെ സംഭവത്തിൽ പ്രതിപക്ഷ എം.എൽ.എ കെ.കെ. രമയുടെ കൈക്ക് പരിക്കുണ്ടെന്ന ഡോക്ടറുടെ റിപ്പോർട്ടും സർക്കാരിന് തലവേദനയായി.

ജനറൽ ആശുപത്രിയിലെ തുടർ ചികിത്സയിലെ സ്കാനിങ്ങിലാണ് വാച്ച് ആൻഡ് വാർഡിന്‍റെ കാലിൽ പൊട്ടലില്ലെന്നുള്ള കണ്ടെത്തൽ. വാച്ച് ആൻഡ് വാർഡുമാരുടെ ഡിസ്ചാർജ് സമ്മറിയും സ്കാനിങ് റിപ്പോർട്ടുകളും ആശുപത്രി അധികൃതർ പൊലീസിന് കൈമാറി.

നിയമസഭയിൽ സ്പീക്കറുടെ ഓഫിസിന് മുന്നിൽ വനിത വാച്ച് ആൻഡ് വാർഡിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ചെന്ന പരാതിയിലായിരുന്നു ഏഴ് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ പൊലീസ് ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തത്. യൂനിഫോമിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ആക്രമിച്ച് ഗുരുതര പരിക്കേൽപിച്ചെന്ന കുറ്റമാണ് ചുമത്തിയിരുന്നത്. അതിന് പുറമെ കൃത്യനിർവഹണത്തിന് തടസ്സം വരുത്തി തുടങ്ങിയ വകുപ്പുകളും ഉൾപ്പെടുത്തിയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.

പ്രതിപക്ഷ എം.എൽ.എമാരെ ആക്രമിച്ചെന്ന പരാതിയിൽ രണ്ട് ഭരണപക്ഷ എം.എൽ.എമാർക്കും വാച്ച് ആൻഡ് വാർഡുമാർക്കുമെതിരെ നിസ്സാര വകുപ്പുകൾ ചുമത്തുകയായിരുന്നു.

പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ചുമത്തിയിട്ടുള്ള ജാമ്യമില്ല വകുപ്പ് കുറ്റങ്ങൾ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, സംഘർഷത്തിൽ വനിത വാച്ച് ആൻഡ് വാർഡിനെ ഗുരുതരമായി പരിക്കേൽപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ വിമർശനങ്ങളെ ഇതുവരെ സർക്കാർ പ്രതിരോധിച്ചിരുന്നത്. അതാണ് ഇപ്പോൾ പൊളിയുന്നത്. അതിനിടെ രമയുടെ പരിക്കാണ് യഥാർഥത്തിലുള്ളതെന്നും വാച്ച് ആൻഡ് വാർഡിന്‍റെ പരിക്ക് വ്യാജമാണെന്നും വാദിച്ച് മെഡിക്കൽ റിപ്പോർട്ടുകളുടെ പിൻബലത്തോടെ സർക്കാരിനെതിരായ നീക്കം ശക്തമാക്കാനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്.