ലോകത്തെ പരമാവധി രാജ്യങ്ങൾ കാണാനും അവയിലൂടെ സഞ്ചരിക്കാനും ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം മനുഷ്യരും. പക്ഷെ പല കാരണങ്ങൾ കൊണ്ടും അതിനുള്ള സാമ്പത്തിക സാഹചര്യം ഉള്ളവർക്ക് പോലും അതിന് സാധിക്കാറില്ല. എന്നാൽ കേവലം മൂന്ന് വർഷം കൊണ്ട് ലോകത്തെ 135 രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ടൂർ പാക്കേജ് ഉണ്ടെങ്കിലോ. അതും ഒരു അത്യാഢംബര ക്രൂസ് ഷിപ്പിൽ. എന്നാൽ കേട്ടോളൂ… അത്തരമൊരു ടൂർ പാക്കേജ് നിലവിലുണ്ട്.

ലൈഫ് അറ്റ് സീ എന്ന കമ്പനിയാണ് ലോകസഞ്ചാരികൾക്കായി ഇത്തരമൊരു യാത്ര മുന്നോട്ടുവെച്ചിരിക്കുന്നത്. കമ്പനിയുടെ എം.വി ജെമിനി എന്ന കപ്പലാണ് മൂന്ന് വർഷം കൊണ്ട് ഏഴ് ഭൂഖണ്ഡങ്ങളിലെ 135 ൽ അധികം രാജ്യങ്ങളിലൂടെ സഞ്ചരിക്കുക. ടിക്കറ്റ് വില കേട്ട് ഞെട്ടരുത്. 24,51,300 രൂപ മുതൽ 89,88,320 രൂപ വരെയാണ് ഒരാളുടെ പാക്കേജുകൾക്ക് ചിലവഴിക്കേണ്ടത്. അതും ഒരു വർഷത്തേക്ക്.

മൂന്ന് വർഷം നീണ്ടു നിൽക്കുന്ന യാത്രയിൽ കപ്പൽ 1,30,000 മൈലുകളാണ് പിന്നിടുക. 375 തുറമുഖങ്ങളിൽ കപ്പൽ നങ്കൂരമിടും. ഇതിൽ 208 തുറമുഖങ്ങളിൽ ഒരു രാത്രി തങ്ങും. ലോകയാത്രയിൽ സഞ്ചാരികൾ കണ്ടിരിക്കേണ്ട പ്രധാന സ്ഥലങ്ങളിലേക്കെല്ലാം യാത്രക്കാരെ എത്തിക്കും. റിയോ ഡി ജനീറോയിലെ സ്റ്റാച്യൂ ഓഫ് ക്രൈസ്റ്റ് റെഡീമർ, മെക്സിക്കോയിലെ ചിച്ഛെൻ ഇറ്റ്സ, ഇന്ത്യയിലെ താജ് മഹൽ, ചൈനയിലെ വന്മതിൽ തുടങ്ങിയവയും ഇതിൽ ഉൾപ്പെടും. സഞ്ചാരത്തിന്റെ ഭാഗമായി 103 ദ്വീപുകളിലും കപ്പലെത്തും. 

എം.വി ജെമിനി അധികൃതർ ഇപ്പോൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ പ്രകാരം 1074 യാത്രികർക്കായി 400 ക്യാബിനുകളും റൂമുകളുമാണ് കപ്പലിൽ ഒരുക്കിയിരിക്കുന്നത്. നവംബർ ഒന്നിന് ഇസ്താംബുളിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ബാഴ്സലോണയിൽ നിന്നും മിയാമിയിൽ നിന്നും യാത്രക്കാരെ സ്വീകരിക്കും.