ധാക്ക: ഏകദിന ക്രിക്കറ്റില്‍ സവിശേഷ റെക്കോര്‍ഡ് പട്ടികയില്‍ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍. ഏകദിന ഫോര്‍മാറ്റില്‍ 7000 റണ്‍സും 300 വിക്കറ്റും സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരമായിരിക്കുകയാണ് ഷാക്കിബ്. മുന്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യ, പാകിസ്ഥാന്റെ ഷാഹിദ് അഫ്രീദി എന്നിവര്‍ക്ക് പിന്നാലെയാണ് ഷാക്കിബ് പട്ടികയിലെത്തിയത്. അയര്‍ലന്‍ഡിനെതിരെ 24 റണ്‍സ് നേടിയപ്പോള്‍ ഷാക്കിബ് പട്ടികയില്‍ ഇടം പിടിച്ചത്.

അയര്‍ലന്‍ഡിനെതിരെ 93 റണ്‍സാണ് ഷാക്കിബ് അടിച്ചെടുത്തത്. 89 പന്തുകള്‍ നേരിട്ട താരം 9 ബൗണ്ടറികള്‍ നേടിയിരുന്നു. നിലവില്‍ ബംഗ്ലാദേശിന് വേണ്ടി ഏറ്റവു കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാമതാണ് ഷാക്കിബ്. 8146 നേടിയ തമീം ഇക്ബാലാണ് ഒന്നാമന്‍. ഇംഗ്ലണ്ടിനെതിരെ അവസാന ഏകദിനത്തിലാണ് ഷാക്കിബ് 300 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയത്. ജയസൂര്യക്കും ഡാനിയേല്‍ വെട്ടോറിക്കും ശേഷം 300 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ഇടങ്കയ്യന്‍ സ്പിന്നര്‍ കൂടിയാണ് ഷാക്കിബ്. 

ടി20യിലും ടെസ്റ്റിലും ബംഗ്ലാദേശിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരവും ഷാക്കിബാണ്. ടി20 128 വിക്കറ്റും ടെസ്റ്റില്‍ 231 വിക്കറ്റും ഷാക്കിബ് വീഴ്ത്തിയിട്ടുണ്ട്.