ന്യൂഡൽഹി: ബിബിസിയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ ഹിന്ദു സേനയുടെ പോസ്റ്റർ. ബിബിസിയുടെ ഡൽഹിയിലുള്ള കസ്തൂർബാ ഗാന്ധി മാർഗിലെ ഓഫീസിന് മുന്നിലാണ് പ്ലക്കാർഡ് പ്രത്യക്ഷപ്പെട്ടത്. ബിബിസി ഇന്ത്യയുടെ ഐക്യത്തിന് ഭീഷണിയാണ്, അത് നിരോധിക്കണം’, ‘ബിബിസി ഇന്ത്യയുടെ പ്രതിച്ഛായ നശിപ്പിക്കുന്നത് നിർത്തുക’ എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകളാണ് ഓഫീസിന് മുന്നിൽ ഉയർന്നത്. 

ഇന്ത്യയുടെയും പ്രധാനമന്ത്രി മോദിയുടെയും പ്രതിച്ഛായ തകർക്കാൻ ഗൂഢാലോചന നടത്തിയെന്നും ഹിന്ദുസേന അംഗങ്ങൾ ആരോപിച്ചു. പോലീസ് എത്തി പ്ലക്കാർഡുകൾ നീക്കം ചെയ്തിട്ടുണ്ട്. ബിബിസി രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും ഇന്ത്യയിൽ ചാനൽ ഉടൻ നിരോധിക്കണമെന്നും ഹിന്ദുസേന മേധാവി വിഷ്ണു ഗുപ്ത പറഞ്ഞു. 

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ബിബിസി ഇന്ത്യയിൽ നിരോധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടന മാപ്പ് പറഞ്ഞതിനെ തുടർന്നാണ് വിലക്ക് നീക്കിയതെന്ന് ഗുപ്ത അവകാശപ്പെട്ടു.

ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് ആരോപിക്കുന്ന ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയൻ’ ഡോക്യുമെന്ററി രണ്ട് ഭാഗങ്ങളായാണ് പുറത്തുവന്നത്. ആദ്യഭാഗം ഗുജറാത്ത് വംശഹത്യയെക്കുറിച്ചും രണ്ടാം ഭാഗം മോദി രണ്ടാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള സംഭവ വികാസങ്ങളുമാണ് വിശദീകരിച്ചത്.  ഈ രണ്ട് ഡോക്യുമെന്ററികളും ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്.