രാജ്യത്തെ അതിവേഗ പ്രീമിയം ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസില്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് യാത്രക്കാര്‍. മുബൈ റൂട്ടിലോടുന്ന വന്ദേ ഭാരത് എക്സ്പ്രസിലെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബസ്‌കറ്റിന്റെയും ഐസ്‌ക്രീമിന്റെയും ബാക്കി ഭാഗങ്ങള്‍ ചായ ഗ്ലാസുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ട്രെയിനില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നത്.

ട്രെയിന്‍ വൃത്തിയാക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയ ഒന്നടങ്കം യാത്രക്കാര്‍ക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. ട്രെയിനിന്റെ കോച്ചില്‍ മാലിന്യങ്ങള്‍ നിറഞ്ഞു കിടക്കുന്ന ചിത്രങ്ങളാണാണ് ട്വിറ്ററില്‍ വൈറലായിരിക്കുന്നത്.

ഐ.എ.എസ് ഓഫീസര്‍ അവനീഷ് ശരണ്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തില്‍, ട്രെയിനിന്റെ കോച്ചില്‍ നിലത്ത് നിറയെ മാലിന്യങ്ങള്‍ ചിതറിക്കിടക്കുന്നത് കാണാം. ഒഴിഞ്ഞ കുപ്പികള്‍, ഉപയോഗിച്ച ഭക്ഷണ പാത്രങ്ങള്‍, പ്ലാസ്റ്റിക് ബാഗുകള്‍ തുടങ്ങിയവയാണ് കോച്ചില്‍ പലയിടങ്ങളിലായി കിടക്കുന്നത്.

ചൂലുമായി ഒരാള്‍ ട്രെയിന്‍ വൃത്തിയാക്കാന്‍ നില്‍ക്കുന്നതും ചിത്രത്തിലുണ്ട്. ‘വി ദ പീപ്പിള്‍’ എന്ന ക്യാപ്ഷനോടെയാണ് അവനീഷ് ചിത്രം തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങളെ കുറിച്ച് മാത്രമേ അറിയൂവെന്നും കടമകള്‍ അവര്‍ക്കറിയില്ല’ എന്നും ഒരാള്‍ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നു. നമ്മള്‍ നല്ല സൗകര്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും വേണ്ടി ആവശ്യമുന്നയിക്കാറുണ്ടെങ്കിലും അവ നാം സംരക്ഷിക്കാറില്ലെന്നാണ് മറ്റൊരാളുടെ കമന്റ്. റെയില്‍വേ മന്ത്രി അശ്വനി വൈഷണവിനെയും ടാഗ് ചെയ്ത് ചിലര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിനെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് ആളുകള്‍ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കാന്‍ റെയിവേയുടെ ചവറ്റുകൊട്ടകള്‍ ഉപയോഗിക്കണമെന്നും ട്രെയിന്‍ ശുചിയായി സൂക്ഷിക്കണമെന്നും യാത്രക്കാരോട് റെയില്‍വേ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.