മനുഷ്യവംശത്തിന്റെ അതിജീവനത്തിന് മനുഷ്യർ ഗ്രഹാന്തര ജീവികളായി മാറേണ്ടിയിരിക്കുന്നുവെന്ന് മാസങ്ങൾക്ക് മുമ്പ് ശതകോടീശ്വര വ്യവസായി ഇലോൺ മസ്ക് അഭിപ്രായപ്പെടുകയുണ്ടായി. ഈ ലക്ഷ്യത്തെ മുൻനിർത്തി ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യ സഞ്ചാരം സാധ്യമാക്കുന്നതിന് ഒരു സ്പേസ് ഷിപ്പ് നിർമിക്കാനുള്ള ശ്രമത്തിലാണ് ഇലോൺ മസ്കിന്റെ സ്പേസ് എക്സ്.

ഈ വാഹനം യാഥാർത്ഥ്യമായാൽ പോലും ചൊവ്വയിലേക്കുള്ള യാത്ര മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളി നിറഞ്ഞതാണ്. നിലവിൽ ഉപയോഗിച്ചുവരുന്ന വാഹനങ്ങളിൽ മണിക്കൂറിൽ 39600 കിമീ വേഗതയിൽ യാത്ര ചെയ്താൽ ഏഴ് മാസമെടുത്താലാണ് ചൊവ്വയിലെത്തുക.. എന്നാൽ ഭൗതിക ശാസ്ത്രജ്ഞരുടെ പുതിയ പദ്ധതി അനുസരിച്ച് ചൊവ്വയിലേക്കുള്ള യാത്ര മാസങ്ങളിൽ നിന്ന് ചുരുക്കം ചില ദിവസങ്ങളായി പരിമിതപ്പെടുത്താൻ സാധിച്ചേക്കും. 

ന്യൂക്ലിയർ തെർമൽ ആന്റ് ന്യൂക്ലിയർ ഇലക്ട്രിക് പ്രൊപൽഷൻ (എൻടിപി/എൻഇപി)എന്നാണ് ഈ പുതിയ സാങ്കേതിക വിദ്യയുടെ പേര്. ഇതുവഴി ചൊവ്വയിലേക്ക് വെറും 45 ദിവസം കൊണ്ട് യാത്ര ചെയ്യാനാവുമെന്നാണ് കണക്കാക്കപ്പെടുന്നത്.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് തന്നെ നാസ ബൈ മോഡൽ ന്യൂക്ലിയർ പ്രൊപ്പൽഷൻ വികസിപ്പിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചിരുന്നു. ന്യൂക്ലിയർ തെർമൽ , ന്യൂക്ലിയർ ഇലക്ട്രിക് പ്രൊപൽഷൻ (എൻടിപി/എൻഇപി) എന്നിങ്ങനെ രണ്ട് രീതികളാണിതിലുള്ളത്. നാസ ഇനവേറ്റീവ് അഡ്വാൻസ്ഡ് കൺസപ്റ്റ്സ് പദ്ധതിയ്ക്ക് കീഴിൽ ഈ സാങ്കേതിക വിദ്യയുടെ ഒന്നാം ഘട്ട വികസന പ്രവർത്തനങ്ങൾക്കായി നാസ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതുൾപ്പടെ 14 പദ്ധതികളാണ് നാസ തിരഞ്ഞെടുത്തിട്ടുള്ളത്.