ഇലോൺ മസ്‌കിന്റെ ട്വീറ്റുകളും പ്രസ്‌താവനകളും പലപ്പോഴും വാർത്താ തലക്കെട്ടുകളാവുക പതിവാണ്. ചില വിഷയങ്ങളിൽ തന്റെ വീക്ഷണങ്ങൾ പങ്കിടാനും ട്വിറ്ററിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് ആളുകളെ അറിയിക്കാനും നെറ്റിസൺമാരുമായി ചർച്ചകളിൽ ഏർപ്പെടാനും മറ്റും അദ്ദേഹം ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നു. 

എന്നാൽ അടുത്തിടെ കോവിഡ് വാക്‌സിനേഷനിലെ രണ്ടാമത്തെ ബൂസ്‌റ്റർ ഷോട്ട് സ്വീകരിച്ചതിന്റെ അനുഭവം അദ്ദേഹം പങ്കിട്ടത് ഏറെ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ബൂസ്‌റ്റർ ഷോട്ട് സ്വീകരിച്ചതിന് ശേഷം താൻ മരിക്കുകയാണെന്ന് വരെ തോന്നിയതായി മസ്‌ക് പറഞ്ഞു.

കോവിഡ് ബൂസ്‌റ്റർ ഷോട്ടിനെ വിമർശിച്ച് ഇലോൺ മസ്‌ക്

കോവിഡ്-19 വാക്‌സിനുകളുടെ പാർശ്വഫലങ്ങളെ ക്കുറിച്ചുള്ള ഒരു ട്വീറ്റിന് മറുപടിയായി, താൻ രണ്ടാമത്തെ കോവിഡ് ബൂസ്‌റ്റർ ഷോട്ട് സ്വീകരിച്ചതിന് ശേഷം വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതായി മസ്‌ക് വ്യക്തമാക്കി. 

“രണ്ടാമത്തെ ബൂസ്‌റ്റർ ഷോട്ടിൽ നിന്ന് എനിക്ക് വലിയ പാർശ്വഫലങ്ങൾ ഉണ്ടായി. കുറേ ദിവസങ്ങളായി മരിക്കുന്നത് പോലെ തോന്നി. എങ്കിലും ശാശ്വതമായ പ്രശ്‌നങ്ങൾ ഇല്ലെന്ന് പ്രതീക്ഷിക്കുന്നു, പക്ഷേ അതും എനിക്കറിയില്ല” അദ്ദേഹം കുറിച്ചു.

എന്തുകൊണ്ടാണ് നിങ്ങൾ രണ്ടാമത്തെ ബൂസ്‌റ്റർ ഷോട്ട് സ്വീകരിച്ചതെന്ന് ഒരു ഉപയോക്താവ് മസ്‌കിനോട് ചോദിച്ചപ്പോൾ, മറുപടി ഇങ്ങനെയായിരുന്നു“എനിക്ക് ടെസ്‌ല ഗിഗാ ബെർലിൻ സന്ദർശിക്കേണ്ടതുണ്ട്. ഇത് എന്റെ തിരഞ്ഞെടുപ്പല്ല”. നല്ല ആരോഗ്യവാനായിരുന്ന തന്റെ ബന്ധുവിന് മയോകാർഡിറ്റിസ് ബാധിച്ച് ആശുപത്രി സന്ദർശിക്കേണ്ടി വന്നതായും മറ്റൊരു ട്വീറ്റിൽ മസ്‌ക് കൂട്ടിച്ചേർത്തു.

“ചെറുപ്പകാരനായ, നല്ല ആരോഗ്യവുമുള്ള എന്റെ ബന്ധുവിന് ഗുരുതരമായ മയോകാർഡിറ്റിസ് ബാധ ഉണ്ടായിരുന്നു. അതിനാൽ ആശുപത്രിയിൽ പോകേണ്ടി വന്നു” മസ്‌ക് പറഞ്ഞു. വാക്‌സിനുകൾ വരുന്നതിന് മുമ്പ് തനിക്ക് കോവിഡ് ബാധിച്ചതായും, ആ സമയത്ത് അതൊരു ‘ചെറിയ ജലദോഷം’ പോലെ മാത്രമായിരുന്നുവെന്നും മസ്‌ക് വെളിപ്പെടുത്തി.

കൈ വേദനിച്ചതൊഴിച്ചാൽ പാർശ്വഫലങ്ങളൊന്നുമില്ലാതെയാണ് ആദ്യത്തെ ഡോസ് വാക്‌സിൻ എടുത്തതെന്നും, ഒന്നാം ബൂസ്‌റ്റർ ഡോസും കാര്യമായ കുഴപ്പമില്ലായിരുന്നു. രണ്ടാമത്തേത് തന്നെ അടിമുടി തകർത്തുവെന്നും അദ്ദേഹം പറയുന്നു.