ന്യൂയോർക്: സി.എൻ.എന്നും വാഷിങ്ടൺ പോസ്റ്റും അടക്കമുള്ള മാധ്യമ സ്ഥാപനങ്ങൾ മോശം സമയത്തു കൂടെയാണ് കടന്നു പോകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഭൂരിഭാഗം മാധ്യമസ്ഥാപനങ്ങളും തൊഴിലാളികളെ പിരിച്ചുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. വോക്‌സ്, ദി വെർജ് വെബ്‌സൈറ്റുകളുടെയും ന്യൂയോർക്ക് മാസികയുടെയും അതിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെയും ഉടമയായ വോക്‌സ് മീഡിയ ഏഴ് ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു.

അതിനു പിന്നാലെ സി.എൻ.എൻ, എൻ.ബി.സി, എം.എസ്.എൻ.ബി.സി, ബുസ്ഫീഡ് തുടങ്ങിയ സ്ഥാപനങ്ങളും സമാന പാതയിലാണ്. ഇതു സംബന്ധിച്ച് മാധ്യമസ്ഥാപനങ്ങൾ ജീവനക്കാർക്ക് കത്ത് നൽകിയിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ എല്ലാ വകുപ്പുകളിലെയും ജീവനക്കാരിൽ ഏഴുശതമാനത്തെ പിരിച്ചുവിടുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് വോക്സ് മീഡിയ സി.ഇ.ഒ ജിം ബാങ്കോഫ് വ്യക്തമാക്കി. 1900 ജീവനക്കാരാണ് വോക്സ് മീഡിയക്കു കീഴിലുള്ളത്. 130 പേർക്കാണ് ജോലി നഷ്ടപ്പെടുക. പിരിച്ചുവിട്ടവരിൽ താനുമുണ്ടെന്ന് അവാർഡ് ജേതാവും ഒമ്പതു വർഷമായി സ്ഥാപനത്തിന്റെ ഭാഗവുമായിരുന്ന മേഗൻ മക് കാരൻ ട്വീറ്റ് ചെയ്തു. 37 ആഴ്ച ഗർഭിണി കൂടിയാണ് അവർ. താനും തന്റെ പങ്കാളിയും മാതാപിതാക്കളാകാൻ പോകുന്നതിന്റെ ആകാംക്ഷയിലാണ്. അനിശ്ചിതത്വം നിറഞ്ഞ ഭാവിയാണ് ഞങ്ങളെ കാത്തിരിക്കുന്നത്-മേഗൻ പറഞ്ഞു. പിരിച്ചു വിടുന്നവർക്ക് നഷ്ടപരിഹാരവും കമ്പനി ഓഫർ ചെയ്തിട്ടുണ്ട്.

യു.എസിലെ മാധ്യമ സ്ഥാപനങ്ങളിൽ മാധ്യമപ്രവർത്തകരുടെ എണ്ണം ക്രമാധീതമായി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. 2008ൽ 114,000 ജീവനക്കാർ ഉണ്ടായിരുന്നത് 2021ൽ 85,000 ആയി ചുരുങ്ങിയിരുന്നു.