കൊച്ചി: കുര്‍ബാനക്രമ വിഷയത്തില്‍ സിറോ മലബാര്‍ സഭയിലുണ്ടായ പ്രതിസന്ധി പരിഹാരിക്കാന്‍ ചര്‍ച്ചകളാണ് നല്ലതെന്ന നിലപാടിലേക്ക് മെത്രാന്‍ സിനഡ് എത്തിയതിനെ സ്വാഗതം ചെയ്ത് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം മുഖപ്രസംഗം. വേണ്ടത്ര ചര്‍ച്ചയില്ലാതെ അവതരിപ്പിച്ചതിനാല്‍ വലിയ തര്‍ക്കമായിത്തീര്‍ന്ന ഏകീകൃത കുര്‍ബാന വിഷ യത്തെ ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതാണെന്ന തിരിച്ചറിവില്‍ മെത്രാന്‍ സമിതിയെ നിശ്ചയിച്ച് സംവാദാന്തരീക്ഷത്തെ സംജാതമാക്കിയ സിനഡ് സമീപനം ഐക്യത്തിലേക്കുള്ള ആദ്യപടിയായി. അതേസമയംതന്നെ , മുറിവുണങ്ങി ഹൃദയൈക്യത്തിലേക്ക് നീങ്ങാന്‍ പരിശുദ്ധാത്മാവ് എല്ലാവരെയും പ്രചോദിപ്പിക്കട്ടെ’ എന്ന സിനഡിന്റെ പ്രാര്‍ത്ഥന ആത്മാര്‍ ത്ഥമാണെങ്കില്‍ ജനാഭിമുഖ കുര്‍ബാനയെ നിയമവിരുദ്ധമായി പ്രഖ്യാപിക്കേണ്ടിയിരുന്നോ എന്ന ചോദ്യമുണ്ട്. ഇത് സൈബര്‍ ഇടങ്ങളില്‍ കൂടുതല്‍ അധിക്ഷേപങ്ങള്‍ക്ക് ഇടയാക്കിയെന്ന് സത്യദീപം പറയുന്നു. സഭാ നേതൃത്വനിരയിലേക്ക് സഭയെത്തന്നെ ചുരുക്കിക്കൊണ്ട് ക്രിസ്തുവിന്റെ മനസ്സറിയാനുള്ള വരത്തിന്റെ കുത്തകാവകാശം ചിലര്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെടുന്ന രീതിയിലുള്ള പ്രബോധനം ക്രിസ്തുതന്നെ എതിര്‍ത്ത ഫരിസേയ മനോഭാവത്തിന്റെ ആവര്‍ത്തനമാണ്. സഭയെന്നാല്‍ ദൈവജനമാണെന്ന സഭാദര്‍ശനത്തിന്റെ മാറിയ കാഴ്ചപ്പാടിലേക്ക് ഇപ്പോഴും മാറാന്‍ മടിക്കുന്ന നേതൃത്വം സഭയ്ക്ക് ബാധ്യതയാണ്.-സത്യദീപം ചൂണ്ടിക്കാട്ടുന്നു.

മുഖപ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍:-

സഭയിലും അതിരൂപതയിലും നാളുകളായിപ്പുകയുന്ന വിഷയത്തെ നടാടെ സംവാദാത്മകമായി സമീപിച്ചു എന്നതായിരുന്നു 31-ാം സിനഡ് സമ്മേളനത്തെ വ്യത്യസ്തമാക്കുന്നത്. വേണ്ടത്ര ചര്‍ച്ചയില്ലാതെ അവതരിപ്പിച്ചതിനാല്‍ വലിയ തര്‍ക്കമായിത്തീര്‍ന്ന ഏകീകൃത കുര്‍ബാന വിഷ യത്തെ ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതാണെന്ന തിരിച്ചറിവില്‍ മെത്രാന്‍ സമിതിയെ നിശ്ചയിച്ച് സംവാദാന്തരീക്ഷത്തെ സംജാതമാക്കിയ സിനഡ് സമീപനം ഐക്യത്തിലേക്കുള്ള ആദ്യപടിയായി. ‘ഇവിടെ ഒരു പ്രശ്നവു മില്ലെ’ന്ന് നിഷേധിച്ചവര്‍ക്കും, ‘ഇനിയൊരു ചര്‍ച്ചയും വേണ്ട, അനുസരിച്ചാല്‍ മതി’ എന്ന് ശഠിച്ചവര്‍ക്കും ചര്‍ച്ചയുടെ വഴി തന്നെയാണ് ചര്‍ച്ചിന്റേ തെന്ന് സമ്മതിക്കേണ്ടി വന്നു.

ഏകീകൃതരീതിയിലുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണം നടപ്പാക്കുന്നതില്‍ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുള്ള അജപാലന പ്രശ്നങ്ങളെ സിനഡ് വസ്തുനിഷ്ഠമായി വിലയിരുത്തി.’ സര്‍ക്കുലറിലെ ഈ ആദ്യവാചകം പ്രശ്നങ്ങളുടെ ആരംഭദശയില്‍ത്തന്നെ പരിഹാരമാര്‍ഗദര്‍ശനമായി സ്വീകരിച്ചിരുന്നുവെങ്കില്‍ ഒഴിവാക്കാമായിരുന്ന കാര്യങ്ങളുടെ പട്ടികയില്‍ തെരുവു സംഘര്‍ഷങ്ങളും, വ്യക്തിഹത്യാക്ഷേപങ്ങളും, അക്രമ പരമ്പരകളും, ഒടുവില്‍ വിശുദ്ധ കുര്‍ബാനയവഹേളനവും വരെയുണ്ടെന്നോര്‍ക്കണം. സൂചികൊണ്ട് എടുക്കാമായിരുന്നത് തൂമ്പകൊണ്ടു പോലും സാധ്യമാകാതെ പോയതില്‍ സഭാ നേതൃത്വത്തിന്റെ സമയോചിതമായ ഇടപെടല്‍ വൈകിയതാണെന്ന തിരിച്ചറിവാകണം, ചര്‍ച്ചകള്‍ക്ക് സിനഡിന്റെ മനസ്സൊരുങ്ങിയതും ഒടുവില്‍ അതിന് അവസരമൊരുക്കിയതും. അഭിമാനത്തോടെ ജനാഭിമുഖം ബലിയര്‍പ്പിക്കാനുള്ള അവസരത്തെ അനുവദിക്കുകയാണ് വേണ്ടത്.

മുറിവുണങ്ങി ഹൃദയൈക്യത്തിലേക്ക് നീങ്ങാന്‍ പരിശുദ്ധാത്മാവ് എല്ലാവരെയും പ്രചോദിപ്പിക്കട്ടെ’ എന്ന സിനഡിന്റെ പ്രാര്‍ത്ഥന ആത്മാര്‍ ത്ഥമാണെങ്കില്‍ ജനാഭിമുഖ കുര്‍ബാനയെ നിയമവിരുദ്ധമയി (illicit) പ്രഖ്യാപിക്കേണ്ടിയിരുന്നോ എന്ന ചോദ്യമുണ്ട്. ‘സഭാ സ്നേഹികളും പാരമ്പര്യവാദികളും എന്ന പേരില്‍ നിരന്തരം പ്രകോപനപരമായി പ്രതികരിക്കുന്ന ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ സ്വയം നിയന്ത്രിക്കണമെന്ന’ നിലപാടെടുത്ത സിനഡ് തന്നെ ഈ ‘നിയമവിരുദ്ധ’ പ്രസ്താവന നല്കിയതോടെ പ്രകോപനപരമായ പ്രതികരണങ്ങള്‍ക്കും സൈബറധിക്ഷേപങ്ങള്‍ക്കും ഔദ്യോഗികമായി വീണ്ടും വഴിയൊരുക്കിയെന്ന് ചിന്തിക്കുന്നവരുണ്ട്.

സഭാ നേതൃത്വനിരയിലേക്ക് സഭയെത്തന്നെ ചുരുക്കിക്കൊണ്ട് ക്രിസ്തുവിന്റെ മനസ്സറിയാനുള്ള വരത്തിന്റെ കുത്തകാവകാശം ചിലര്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെടുന്ന രീതിയിലുള്ള പ്രബോധനം ക്രിസ്തുതന്നെ എതിര്‍ത്ത ഫരിസേയ മനോഭാവത്തിന്റെ ആവര്‍ത്തനമാണ്. സഭയെന്നാല്‍ ദൈവജനമാണെന്ന സഭാദര്‍ശനത്തിന്റെ മാറിയ കാഴ്ചപ്പാടിലേക്ക് ഇപ്പോഴും മാറാന്‍ മടിക്കുന്ന നേതൃത്വം സഭയ്ക്ക് ബാധ്യതയാണ്.

സംഹാരമല്ല, സംഭാഷണം തന്നെയാണ് പ്രശ്നപരിഹാരത്തിന്റെ ക്രിസ്തീ യ മാര്‍ഗം എന്ന തിരിച്ചറിവില്‍ ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറന്നിട്ടാണ് സിനഡ് സമാപിച്ചതെന്നത് ശുഭോദര്‍ക്കമാണ്. ആ വാതിലിലൂടെ ഇരുപക്ഷത്തിനും നിര്‍ഭയം കടക്കാനും, നീതിയുറപ്പിക്കാനും സാധിക്കട്ടെ.