ഗുണ: കോണ്‍ഗ്രസുകാരോട് ഭരണകക്ഷിയായ ബിജെപിയ്‌ക്കൊപ്പം ചേരാന്‍ ആഹ്വാനം ചെയ്ത് മദ്ധ്യപ്രദേശ് മന്ത്രി മഹേന്ദ്രസിംഗ് സിസോദിയയുടെ പ്രസംഗം വിവാദമാകുന്നു. ”ഭരണകക്ഷിയായ ബിജെപിയ്ക്ക് ഒപ്പം ചേര്‍ന്നോ അല്ലെങ്കില്‍ ബുള്‍ഡോസര്‍ റെഡിയാണ്.” സിസോദിയ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കുമ്പോള്‍ പറഞ്ഞു.

പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. രഘോഗര്‍ നഗറിലെ പ്രാദേശിക തെരഞ്ഞെടുപ്പ് പ്രചരണയോഗത്തിലായിരുന്നു സിസോദിയയുടെ പ്രസംഗം ”ബിജെപിയില്‍ ചേരൂ…സാവധാനത്തില്‍ ഈ ഭാഗത്ത് കൂടി നടക്കൂ. ബിജെപി മദ്ധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കും. അല്ലെങ്കില്‍ മാമയുടെ ബുള്‍ഡോസര്‍ റെഡിയാണ്.” സിസോദിയ പറഞ്ഞു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബുള്‍ഡോസര്‍ നീതിയാണ് നടപ്പാക്കുന്നതെന്ന് കോണ്‍ഗ്രസ് വിമര്‍ശിക്കുന്ന സാഹചര്യത്തിലാണ് സിസോദിയയുടെ ബുള്‍ഡോസര്‍ പരാമര്‍ശം. അനധികൃത കയ്യേറ്റമെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളും കെട്ടിടങ്ങളും മറ്റും ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ ഇടിച്ചു കളയുന്നതായി നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ഈ നടപടിയുടെ പേരില്‍ ‘മാമ’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നുണ്ട്.

സിസോദിയയുടെ പരാമര്‍ശം വന്നതും കോണ്‍ഗ്രസും പ്രതികരണവുമായി എത്തി. ”പഞ്ചായത്ത് മന്ത്രി മഹേന്ദ്ര സിംഗ് സിസോദിയ റഘോഗറിലെ കോണ്‍ഗ്രസുകാരോട് പറയുന്നു ‘ബിജെപിയില്‍ ചേരുക. അല്ലെങ്കില്‍ 2023 ന് ശേഷം ബുള്‍ഡോസര്‍ റെഡിയാണെന്ന്’ എന്നാല്‍ മന്ത്രി ഒന്നാലോചിക്കുക. നിങ്ങളുടെ ബുള്‍ഡോസര്‍ ബ്രിട്ടീഷുകാരെക്കാള്‍ വലുതല്ലല്ലോ. ഞങ്ങള്‍ അവരോട് പൊരുതിയിട്ടുണ്ട് ” കോണ്‍ഗ്രസിന്റെ മീഡിയയുടെ ചുമതലയുള്ള കെ.കെ. മിശ്ര പാര്‍ട്ടിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു. ”

ഈ വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി സര്‍ക്കാര്‍ രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണ് മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസ് വെച്ചു പുലര്‍ത്തുന്നത്. 50 സീറ്റെങ്കിലും ബിജെപി ജയിച്ചാല്‍ തന്റെ മുഖം കരിഓയില്‍ അടിക്കാന്‍ സന്നദ്ധനാകുമെന്നാണ് കോണ്‍ഗ്രസ് നേതാവ് ഫൂല്‍ സിംഗ് ബരായാ ആത്മവിശ്വാസം കൊള്ളുന്നത്.