മോഷണക്കേസ് പ്രതികളെ പരസ്യമായി വിചാരണ ചെയ്ത് താലിബാൻ. മോഷണക്കുറ്റം ആരോപിച്ച് വൻ ജനക്കൂട്ടത്തിന് മുന്നിൽ താലിബാൻ നാല് പേരുടെ കൈകൾ പരസ്യമായി വെട്ടിമാറ്റി. കാണ്ഡഹാറിലെ അഹമ്മദ് ഷാഹി സ്റ്റേഡിയത്തിൽ വെച്ചാണ് സംഭവം. വിവധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ഒൻപത് പേരെ ചാട്ടവാറടിക്കുകയും ചെയ്തു.

അഫ്ഗാൻ ഗവർണറുടെ ഓഫീസ് വക്താവ് ഹാജി സായിദ് ആണ് ഇക്കാര്യം അറിയിച്ചത്. 39 തവണ പ്രതികളെ ചാട്ടവാടറിടിച്ചുവെന്നാണ് സായിദ് പറയുന്നത്. സംഭവം നടക്കുമ്പോൾ താലിബാൻ ഉദ്യോഗസ്ഥരും മതപുരോഹിതന്മാരും മുതിർന്നവരും നാട്ടുകാരും സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. ഇവിടെ നിന്നുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 

മനുഷ്യാവകാശ അഭിഭാഷകനും അഫ്ഗാൻ പുനരധിവാസ മന്ത്രിയുടെ മുൻ നയ ഉപദേഷ്ടാവും അഭയാർത്ഥി മന്ത്രിയുമായ ഷബ്നം നസിമി, താലിബാൻ ഉദ്യോഗസ്ഥർക്കൊപ്പം കാഴ്ചക്കാരായി ഒരു സ്റ്റേഡിയത്തിൽ ഇരിക്കുന്നവരുടെ ചിത്രം പങ്കിട്ടു. ‘ഇതെല്ലാം ചരിത്രം ആവർത്തിക്കുന്നു. 1990 കളിലെ പോലെ താലിബാൻ പരസ്യമായി ശിക്ഷിക്കാൻ തുടങ്ങി. അഫ്ഗാൻ പത്രപ്രവർത്തൻ താജുഡെൻ സൊറൂഷ് പറഞ്ഞു. 

ഡിസംബറിൽ താലിബാൻ, മറ്റൊരാളെ കൊന്ന കുറ്റത്തിന് ഒരാളെ വധിച്ചിരുന്നു. താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ പൊതു വധശിക്ഷയായിരുന്നു ഇത്. നൂറുകണക്കിന് കാണികളും നിരവധി ഉന്നത താലിബാൻ ഉദ്യോഗസ്ഥരും നോക്കിനിൽക്കെ പടിഞ്ഞാറൻ ഫറാ പ്രവിശ്യയിൽ ഇരയുടെ പിതാവ് ഒരു ആക്രമണ റൈഫിൾ ഉപയോഗിച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ദി സൺ റിപ്പോർട്ട് ചെയ്തു.