ജര്‍മ്മന്‍ പോലീസ് അറസ്റ്റ് ചെയ്ത സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിനെ വിട്ടയച്ചു. ജര്‍മ്മനിയില്‍ കല്‍ക്കരി ഖനി നിര്‍മ്മിക്കാന്‍ കുടിയൊഴിപ്പിക്കപ്പെടുന്ന ഗ്രാമത്തിലെത്തി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഗ്രേറ്റയെ അറസ്റ്റ് ചെയ്തത്. തിരിച്ചറയില്‍ പരിശോധനയ്ക്ക് ശേഷം ഗ്രേറ്റയെ വിട്ടയക്കുകയായിരുന്നു എന്ന് വാര്‍ത്ത ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ലുസേരത്ത് ഗ്രാമത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഗാര്‍സ്വെയ്ലര്‍ രണ്ട് ഖനിയുടെ മുന്നിലാണ് ഗ്രേറ്റയും കൂട്ടരും പ്രതിഷേധിച്ചത്. ഹെല്‍മറ്റ് ധരിച്ച പോലീസ് ഉദ്യോഗസ്ഥര്‍ ഗ്രേറ്റ തുന്‍ബെര്‍ഗിനെ അറസ്റ്റ് ചെയ്ത് നീക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന പ്രതിഷേധം നയിക്കാന്‍ വെള്ളിയാഴ്ചയാണ് ഗ്രേറ്റ സ്വീഡനില്‍ എത്തുന്നത്. ആറായിരത്തോളം പ്രതിഷേധകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തിരുന്നു. ഗ്രാമത്തിലെ കെട്ടിടങ്ങളില്‍ തമ്പടിച്ചിരുന്ന ആക്റ്റിവിസ്റ്റുകളെയും പോലീസ് നീക്കം ചെയ്തു. ‘ലോകത്തിലെ ഏറ്റവും വലിയ മലിനീകരണ രാജ്യങ്ങളിലൊന്നാണ് ജര്‍മ്മനി, ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്ന് ഗ്രേറ്റ് പറഞ്ഞു. യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത ഊര്‍ജ പ്രതിസന്ധിയാണ് ജര്‍മനി അനുഭവിക്കുന്നത്. റഷ്യയുമായുള്ള ബന്ധം വിച്ഛേദിച്ചതോടെ അവിടെ നിന്ന് ലഭിച്ചിരുന്ന പ്രകൃതിവാതകവും എണ്ണയും കല്‍ക്കരിയും മുടങ്ങി. പുതിയ ഊര്‍ജ സ്രോതസുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജര്‍മനി.