മലപ്പുറം : ക്രഷര്‍ ഇടപാട്‌ കേസില്‍ പി.വി. അന്‍വര്‍ എം.എല്‍.എയെ ഇ.ഡി. ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്‌ തെളിവുകളെല്ലാം ശേഖരിച്ചശേഷം. മംഗലാപുരം, ബല്‍ത്തങ്ങാടിയിലെ ക്രഷറിന്റെ മറവില്‍ അന്‍വര്‍ 50 ലക്ഷം രൂപ തട്ടിയെടുത്തെന്നു പരാതിപ്പെട്ട പ്രവാസി എന്‍ജിനീയര്‍ മലപ്പുറം പട്ടര്‍ക്കടവ്‌ സ്വദേശി നടുത്തൊടി സലീം, അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്കെതിരേ പരാതിപ്പെട്ട മുരുകേശ്‌ നരേന്ദ്രന്‍, അന്‍വറിനു ക്രഷര്‍ വിറ്റ കാസര്‍ഗോഡ്‌ സ്വദേശി ഇബ്രാഹിം, അന്‍വറിന്റെ ബിനാമികളെന്നു സംശയിക്കപ്പെടുന്നവര്‍ എന്നിവരെ ഇ.ഡി. നേരത്തേ രഹസ്യമായി ചോദ്യംചെയ്‌തിരുന്നു. ഇവരുടെ മൊഴികളുടെ അടിസ്‌ഥാനത്തിലായിരുന്നു അന്വേഷണം.

ക്വാറി ഇടപാടില്‍ അഞ്ചുപേരില്‍നിന്നായി അന്‍വര്‍ 50 ലക്ഷം രൂപ വാങ്ങിയെന്ന മറ്റൊരു രഹസ്യവിവരവും ഇ.ഡിക്കു ലഭിച്ചു. ഔദ്യോഗികമായി പരാതിപ്പെടാത്ത ഇവരെയും ചോദ്യംചെയ്‌തശേഷമാണ്‌ ഇന്നലെ അന്‍വറിനെ വിളിപ്പിച്ചത്‌. പശ്‌ചിമാഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലെ സ്വര്‍ണഖനനത്തിന്റെ സാമ്പത്തികസ്രോതസ്‌, ബെല്‍ത്തങ്ങാടി ക്രഷര്‍ തട്ടിപ്പ്‌, അന്‍വറിന്റെ പേരിലുള്ള കമ്പനികളുടെ ഇടപാടുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇ.ഡി. അന്വേഷണമാരംഭിച്ചതായി മംഗളം മാസങ്ങള്‍ക്കു മുമ്പ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

ക്രഷര്‍ വിറ്റ ഇബ്രാഹിം, തട്ടിപ്പിനിരയായ സലീം എന്നിവര്‍ കഴിഞ്ഞ ജൂലൈ നാലിനാണു കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ഹാജരായി മൊഴിനല്‍കിയത്‌. അന്‍വറുമായുള്ള ഇടപാടുകളുടെ രേഖകള്‍, കഴിഞ്ഞ 10 വര്‍ഷത്തിനുള്ളിലെ പങ്കാളിത്തക്കരാര്‍ വിവരങ്ങള്‍/ആദായനികുതി വിവരങ്ങള്‍ എന്നിവ ഇരുവരും ഇ.ഡിക്കു കൈമാറി. ബല്‍ത്തങ്ങാടിയിലെ ക്രഷര്‍ കര്‍ണാടക സര്‍ക്കാരില്‍നിന്നു പാട്ടത്തിനു ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും പാട്ടക്കരാര്‍ മാത്രമാണ്‌ അന്‍വറിനു കൈമാറിയതെന്നുമാണ്‌ ഇബ്രാഹിം മൊഴി നല്‍കിയത്‌.

ഈ കേസില്‍ ആദ്യ അന്വേഷണ റിപ്പോര്‍ട്ട്‌ കോടതി തള്ളിയതോടെ ക്രഷറും സ്‌ഥലവും 2.60 കോടി രൂപയ്‌ക്ക്‌ ഇബ്രാഹിമില്‍നിന്ന്‌ അന്‍വര്‍ വാങ്ങിയതിന്റെ കരാറും പങ്കാളിത്തക്കരാറിന്റെ പകര്‍പ്പും ക്രൈംബ്രാഞ്ച്‌ ഹാജരാക്കിയിരുന്നു.

രണ്ടുവര്‍ഷം കൊണ്ട്‌ 447% ആസ്‌തിവര്‍ധന!

2016-ല്‍ നിലമ്പൂരില്‍ എല്‍.ഡി.എഫ്‌. സ്വതന്ത്രനായി മത്സരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‌ അന്‍വര്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ 14.38 കോടി (14,38,82,954) രൂപയുടെ ആസ്‌തിയാണു കാണിച്ചിരുന്നത്‌. എം.എല്‍.എയായി രണ്ടരവര്‍ഷം പിന്നിട്ട്‌, 2019-ല്‍ പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ അന്‍വറിന്റെയും രണ്ട്‌ ഭാര്യമാരുെടയും ആസ്‌തി 65 കോടിയായി വര്‍ധിച്ചു.

2017-18ലെ ആദായനികുതി റിട്ടേണില്‍ പ്രതിവര്‍ഷം 40,59,083 രൂപയുടെ നഷ്‌ടം കാണിക്കുമ്പോഴാണ്‌ ആസ്‌തിയില്‍ 447% വര്‍ധനയുണ്ടായത്‌. എം.എല്‍.എയായശേഷം 2016-17ല്‍ 59,37,042 രൂപയുടെ വരുമാനനഷ്‌ടമാണ്‌ കാണിച്ചത്‌. എന്നാല്‍, രണ്ടുവര്‍ഷംകൊണ്ട്‌ 19 കോടി രൂപ മുതല്‍മുടക്കി. ഈ കണക്കുകളുടെ അടിസ്‌ഥാനത്തില്‍ വരുമാനസ്രോതസ്‌ കാണിക്കാന്‍ നോട്ടീസ്‌ ലഭിച്ചതിനേത്തുടര്‍ന്ന്‌ അന്‍വര്‍ കോഴിക്കോട്ടെ ആദായനികുതി കമ്മിഷണര്‍ ഓഫീസില്‍ ഹാജരായിരുന്നു. വരുമാനസ്രോതസ്‌ വ്യക്‌തമാക്കാന്‍ അന്‍വര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും രേഖകള്‍ ഹാജരാക്കാനായില്ല.