യുനൈറ്റഡ് കിംഗ്ഡം, യുനൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ എന്നിവിടങ്ങളിൽ റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 1.43 ദശലക്ഷം കോപ്പികൾ വിറ്റഴിഞ്ഞതിന് ശേഷം, ഹാരി രാജകുമാരന്റെ വിവാദമായ ഓർമ്മക്കുറിപ്പായ ‘സ്‌പെയർ’ എക്കാലത്തെയും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന നോൺ ഫിക്ഷൻ പുസ്തകമായി മാറിയെന്ന് ഗിന്നസ് വേൾഡ് പറയുന്നു. ‘എ പ്രോമിസ്ഡ് ലാൻഡ്’ (മുൻ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ 2020 ൽ പ്രസിദ്ധീകരിച്ച പുസ്തകം) സ്ഥാപിച്ചിരുന്ന മുൻ റെക്കോർഡാണ് പുസ്തകം മറികടന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 8,87,000 കോപ്പികളാണ് വിറ്റഴിഞ്ഞത്.

“പെൻഗ്വിൻ റാൻഡം ഹൗസ് ഇതുവരെ പ്രസിദ്ധീകരിച്ച ഏതൊരു നോൺ-ഫിക്ഷൻ പുസ്തകത്തിന്റെയും ഏറ്റവും വലിയ ആദ്യ ദിവസത്തെ വിൽപ്പനയാണ് ‘സ്‌പെയറിന്റെ’ ആദ്യത്തെ മുഴുവൻ ദിവസത്തെ വിൽപ്പന പ്രതിനിധീകരിക്കുന്നത്.” രണ്ട് മില്യൺ കോപ്പികളുടെ പ്രിന്റ് റണ്ണുമായി ‘സ്‌പെയർ’ അമേരിക്കയിൽ റിലീസ് ചെയ്‌തുവെന്നും രണ്ടാമത്തെ പ്രിന്റ് റൺ ഇപ്പോൾ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. പുസ്തകത്തിന് യു.എസിൽ 36 ഡോളറും (2,926 രൂപ) യു.കെയിൽ 28 പൗണ്ടും (2,783 രൂപ) കവർ വിലയുണ്ടെങ്കിലും, ചില വ്യാപാരികൾ 50 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്​. പുസ്തകം പുറത്തിറങ്ങുന്നതിന്​ മുമ്പുതന്നെ വലിയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.