75-ാമത് കരസേനാ ദിനാഘോഷത്തിന് ബംഗളൂരുവിൽ തുടക്കം. ചരിത്രത്തിൽ ആദ്യമായി കരസേനാ ദിന പരേഡ് ബംഗളൂരുവിൽ നടക്കുന്നത്. രാജ്യതലസ്ഥാന നഗരിയായ ഡൽഹിയിൽ നിന്നും പരേഡ് മാറ്റി. 1949ൽ അരംഭിച്ചതിന് ശേഷം ഇത് ആദ്യമായാണ് ഡൽഹിയ്ക്ക് പുറത്ത് പരേഡ്.  പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് പരേഡിൽ മുഖ്യാതിഥി. 

കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ എന്നിവരും ആഘോഷങ്ങളിൽ പങ്കെടുത്തു. സൈന്യത്തിന്റെ മോട്ടോർ സൈക്കിൾ പരേഡുണ്ടാവും. ഒപ്പം പാരാട്രൂപ്പേഴ്സിന്റെ സ്‌കൈ ഡൈവിങും, ഡെയർഡെവിൽ ജംപുകളും ഉണ്ടാവും. പാരാട്രൂപ്പേഴ്സിന്റെ സാഹസികത കാണിക്കാനുള്ള പ്രദർശനമാണിത്. ഏവിയേഷൻ കോർപ്സിന്റെ ഹെലികോപ്ടർ അഭ്യാസ പ്രകടവും ഉണ്ടാവും.

എല്ലാ വർഷവും ജനുവരി 15നാണ് സൈനിക ദിനം ആചരിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ സൈനിക മേധാവിയായി കെഎം കാരിയപ്പ ചുമലയേറ്റതിന്റെ ഓർമയക്കാണ് ഈ ദിനം ആഘോഷിക്കുന്നത്. അവസാന ബ്രിട്ടീഷ് കമാൻഡർ ഇൻ ചീഫ് ജനറൽ സർ ഫ്രാൻസിസ് റോബർട്ട് റോയ് ബുച്ചറിൽ നിന്ന് 1949ലാണ് അദ്ദേഹം അധികാരം ഏറ്റെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ അറിയിച്ച് എത്തിയിരുന്നു. ‘സൈനിക ദിനത്തിൽ, എല്ലാ സൈനികർക്കും വിമുക്തഭടന്മാർക്കും അവരുടെ കുടുംബങ്ങൾക്കും ഞാൻ എന്റെ ആശംസകൾ അറിയിക്കുന്നു. ഓരോ ഇന്ത്യക്കാരനും നമ്മുടെ സൈന്യത്തിൽ അഭിമാനിക്കുന്നു, നമ്മുടെ സൈനികരോട് എപ്പോഴും നന്ദിയുള്ളവരായിരിക്കും. അവർ എപ്പോഴും നമ്മുടെ രാജ്യത്തെ സുരക്ഷിതമായി നിലനിർത്തുകയും പ്രതിസന്ധി ഘട്ടങ്ങളിൽ അവരുടെ സേവനത്തിന് പരക്കെ പ്രശംസിക്കപ്പെടുകയും ചെയ്യുന്നു’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.