ന്യൂഡൽഹി: ജമ്മു കാശ്മീരിലെ രജൗരി സെക്‌ടറിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4 ആയി ഉയർന്നു. രജൗറിയിലെ അപ്പര്‍ ധാംഗ്രി ഗ്രാമത്തിൽ ഇന്നലെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. 

പത്തോളം പേർക്ക് പരിക്കേറ്റിരുന്നു.  അത്യാസന്ന നിലയിലുള്ള 3 പേരെ ജമ്മുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിലെ ഒരാളാണ് ഇന്ന് മരിച്ചത്.  ഗ്രാമത്തിലെ രാംക്ഷേത്രത്തിന് സമീപത്തായി ആയുധങ്ങളുമായെത്തിയ 2 ഭീകരർ പ്രദേശവാസികളായ ആളുകളുടെ നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് കശ്മീര്‍ എഡിജിപി മുകേഷ് സിങ് പറഞ്ഞു. 

ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് കൂട്ടിചേർത്തു. അതേസമയം, അക്രമം തടയുന്നതില്‍ പ്രാദേശിക ഭരണകൂടം പരാജയപ്പെട്ടുവെന്ന് നാട്ടുകാര്‍ ആരോപിച്ച് സംഭവത്തിൽ പ്രതിഷേധിച്ച് ധാംഗ്രി മേഖലയിൽ വിവിധ സംഘടനകൾ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.