മന്നം ജയന്തി ഉദ്ഘാടനത്തിനെത്തിയ ശശി തരൂരിനെ പുകഴ്ത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശശി തരൂര്‍ ഡല്‍ഹി നായരല്ല, കേരള പുത്രനെന്ന് സുകുമാരന്‍ നായര്‍. തരൂര്‍ വിശ്വപൗരനാണ്. കേരള പുത്രനാണ്. മുമ്പ് ശശി തരൂര്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ വന്നപ്പോള്‍ തരൂരിനെ ഡല്‍ഹി നായരെന്ന് താന്‍ വിമര്‍ശിച്ചിരുന്നു. ആ തെറ്റ് തിരുത്താന്‍ കൂടിയാണ് മന്നം ജയന്തി ഉദ്ഘാടനത്തിന് ക്ഷണിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മന്നം ജയന്തിയോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ശശി തരൂരിനേക്കാളും യോഗ്യനായ മറ്റൊരാളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ആദ്യമാണെന്നും ഏറെ സന്തോഷമുണ്ടെന്നും തരൂര്‍ പറഞ്ഞു. ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ടെന്ന് ശശി തരൂര്‍. അദ്ദേഹം അത് പറഞ്ഞത് 80 വര്‍ഷം മുന്‍പാണ്. എന്നാല്‍ ഇപ്പോഴും രാഷ്ട്രീയത്തില്‍ അത് ഞാന്‍ അനുഭവിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ഷണമില്ലാത്ത ഈ ചടങ്ങിലെ തരൂരിന്റെ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.