തിരുവനന്തപുരം: കേന്ദ്ര ബജറ്റ് സമ്മേളനത്തിന് മുൻപ് കേരളത്തിന് വീണ്ടുമൊരു ഒരു കേന്ദ്രമന്ത്രിയെ ലഭിക്കുവാനുള്ള സാധ്യതകളുണ്ടെന്ന് സൂചനകൾ. ബിജെപി സംഘടനാ തലത്തിലും കേന്ദ്ര മന്ത്രിസഭയിൽ ഉടൻ അഴിച്ചുപണി ഉണ്ടാകുമെന്ന് സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതോടെ കേരളത്തിലും അർഹമായ പ്രാതിനിധ്യം നൽകി ഒരു മന്ത്രിയെക്കൂടി ലഭിക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. മന്ത്രിസഭയിലേക്ക് കേരളത്തിൽ നിന്ന് പ്രതിനിധി ഉണ്ടാവുകയാണെങ്കിൽ സുരേഷ് ഗോപിക്കായിരിക്കും നറുക്കു വീഴുക എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മുൻ രാജ്യസഭ അംഗം കൂടിയായ സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുത്ത ബന്ധമാണ് കേന്ദ്ര മന്ത്രിസഭയിലേക്ക് വഴിതുറക്കുന്നത്. 

ബിജെപി സംഘടനാതലത്തിലും കേന്ദ്രമന്ത്രിസഭയിലും അഴിച്ചുപണിക്കു സാധ്യതയെന്ന സൂചനകള്‍ പുറത്തു വന്നതോടെ കേരളത്തിൽനിന്ന് മന്ത്രിസഭയിലേക്ക് ഒരു പ്രതിനിധി കൂടി എത്തുമെന്നുള്ള ചർച്ചകളും സജീവമായി. നിലവില്‍ വി മുരളീധരനും രാജീവ്‌ ചന്ദ്രശേഖറുമാണു കേന്ദ്രമന്ത്രിസഭയിലെ മലയാളികള്‍. മുൻ രാജ്യസഭ അംഗം കൂടിയായ സുരേഷ് ഗോപി ബിജെപിക്ക് പുതിയ രീതിയിലുള്ള മുന്നേറ്റം സംസ്ഥാനത്ത് ഉണ്ടാക്കിയിരുന്നു. ഒരർത്ഥത്തിൽ ഒറ്റയാൾ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയ സുരേഷ് ഗോപി തൻ്റെ രാജ്യസഭാ കാലാവധി ഫലപ്രദമായി വിനിയോഗിക്കുകയും അതിനുശേഷവും സംസ്ഥാനത്ത് പാർട്ടിയെ ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു. സുരേഷ് ഗോപിയുടെ ഈ നിലപാടുകൾ ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ പ്രത്യേക പരിഗണനയ്ക്ക് മാത്രമായുള്ള സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 

ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ അധികാരം ഏറ്റെടുത്തതോടെ ബിജെപിയിലെ പടലപ്പിണക്കങ്ങളും മറനീക്കി പുറത്തു വന്നിരുന്നു. കേരളത്തിൽ ബിജെപിയുടെ മുൻനിരയിൽ നിന്ന പല നേതാക്കളും  രാഷ്ട്രീയ വനവാസത്തിലേക്ക് പ്രവേശിച്ചിരുന്നു. എന്നാൽ സംസ്ഥാനത്തെ രാഷ്ട്രീയ കളികളിൽ ഒന്നിലും പങ്കെടുക്കാതെ പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകുക എന്ന് ദൗത്യമായിരുന്നു സുരേഷ്ഗോപി നടത്തിയത്. ഇതോടെയാണ് കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉണ്ടാവുകയാണെങ്കിൽ സുരേഷ് ഗോപി മന്ത്രിസ്ഥാനത്തേക്ക് എത്തുമെന്ന് ഉറപ്പാക്കിയതും. 

ബിജെപിക്ക് വളരെ നിർണായകമായ തിരഞ്ഞെടുപ്പുകളാണ് ഇനി വരാൻ പോകുന്നത്. ഒമ്പത്‌ സംസ്‌ഥാനങ്ങളില്‍ നിയമസഭാതെരഞ്ഞെടുപ്പുകളും 2024-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പും നടക്കും. ഈ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായിട്ടാണ് കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് ബിജെപി നേതൃത്വം ചിന്തിക്കുന്നത്. ലോക്സഭയിൽ എല്ലാ സംസ്ഥാനങ്ങളിൽനിന്നുള്ളവരും പ്രതിനിധിയായി ഉണ്ടാകണമെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടെന്നാണ് സൂചനകൾ. ബിജെപിക്ക് ഏറ്റവും സാധ്യത കുറവ് കൽപ്പിച്ചിരിക്കുന്ന സംസ്ഥാനമാണ് കേരളം. ആ രീതിക്ക് സുരേഷ് ഗോപിയുടെ ഒരു മാറ്റം വരുത്താൻ കഴിയും എന്നു തന്നെയാണ് ബിജെപി കേന്ദ്രനേതൃത്വത്തിൻ്റെ പ്രതീക്ഷയും. അതുകൊണ്ടുതന്നെ ഇനിയുള്ള രാഷ്ട്രീയക്കളികൾ സുരേഷ്ഗോപിയെ മുൻനിർത്തി കളിക്കാൻ തന്നെയാണ് ബിജെപി കേന്ദ്ര നേതൃത്വം കരുതുന്നതെന്നാണ് സൂചനകൾ. 

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വളരെ വലിയ മുന്നേറ്റം സമ്മാനിച്ച വ്യക്തി കൂടിയാണ് സുരേഷ് ഗോപി. തൃശൂരില്‍ മത്സരിച്ച്‌ മുന്നേറ്റമുണ്ടാക്കിയതിനു പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപിയെ മുൻനിരയിൽ എത്തിക്കാൻ സുരേഷ്ഗോപിക്ക് കഴിഞ്ഞു. ഇതോടെയാണ് സുരേഷ് ഗോപി കേന്ദ്ര ബിജെപി നേതൃത്വത്തിന് പ്രിയപ്പെട്ടവനായി മാറിയത്. ബിജെപി കേരള നേതൃത്വത്തിന് ചെയ്യാൻ കഴിയാത്ത പല കാര്യങ്ങളും സുരേഷ്ഗോപിക്ക് ഒറ്റയ്ക്ക് ചെയ്യാൻ കഴിയുന്നു എന്നുള്ളതും അദ്ദേഹത്തിൻ്റെ സാധ്യതകളെ വർധിപ്പിക്കുകയാണ്. സുരേഷ് ഗോപി മുന്നിട്ടിറങ്ങിയാൽ തിരുവനന്തപുരം, തൃശൂര്‍ സീറ്റുകളില്‍ ബിജെപിക്കു നല്ല സാധ്യതയുണ്ടെന്നാണു കേന്ദ്രനേതൃത്വത്തിൻ്റെ വിലയിരുത്തല്‍. ഇനിയൊരു തിരഞ്ഞെടുപ്പിൽ ഒരുപക്ഷേ ശശി തരൂര്‍ മത്സരിക്കാത്ത സാഹചര്യമുണ്ടാകും. അങ്ങനെ വരുമ്പോൾ തലസ്‌ഥാനത്തു സുരേഷ് ഗോപിക്ക് ജയ സാധ്യത ഉണ്ടെന്നു തന്നെയാണ് ബിജെപി നേതൃത്വം കരുതുന്നത്. 

തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സംബന്ധിച്ചും സുരേഷ് ഗോപി ജനപ്രിയനാണ്. തൃശൂരില്‍ സുരേഷ്‌ഗോപിക്കു പാര്‍ട്ടിക്കതീതമായ പിന്തുണയുണ്ടെന്നും ബിജെപി നേതൃത്വം കരുതുന്നു. തൃശ്ശൂർക്കാരുടെ അഭിമാനത്തിൻ്റെ വിഷയം കൂടിയാണ് ഉത്സവാഘോഷങ്ങളിളിലെ ആന എഴുന്നള്ളത്ത്. അതിന് ഒരു പ്രകൃതി നേരിട്ടപ്പോൾ ആനകളെ പങ്കെടുപ്പിക്കാനുള്ള വഴിതുറന്നത്‌ അദ്ദേഹത്തിൻ്റെ ഇടപെടലുകളേത്തുടര്‍ന്നായിരുന്നു. ഇതോടെ രാഷ്ട്രീയ ഭേദമന്യേ പലരും സുരേഷ് ഗോപിയുടെ ആരാധകരായി മാറി എന്നുള്ളതാണ് യാഥാർത്ഥ്യം. മാത്രമല്ല നഗരത്തിലെ പല പ്രശ്‌നങ്ങളിലും സുരേഷ്‌ഗോപി കൃത്യമായി ഇടപെടുകയും സാമ്പത്തികപരമായി സഹായം നൽകുകയും ചെയ്തിട്ടുണ്ട്.