പത്തനംതിട്ട: പത്തനംതിട്ടയില്‍ മാമോദീസ ചടങ്ങില്‍ പങ്കെടുത്ത നൂറോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ കാറ്ററിങ് സ്ഥാപനത്തിനെതിരെ നടപടി. ഭക്ഷണം വിളമ്പിയ ചെങ്ങന്നൂരിലെ ഓവന്‍ ഫ്രഷ് കാറ്ററിംഗ് സര്‍വ്വീസ് എന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കി. സ്ഥാപനത്തില്‍ ആലപ്പുഴ ജില്ലാ ആരോഗ്യവിഭാഗം പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. സ്ഥാപനത്തില്‍ നിന്ന് ശേഖരിച്ച ഭക്ഷണസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഡിസംബര്‍ 29 വ്യാഴാഴ്ചയാണ് മല്ലപ്പള്ളി കീഴ്‌വായ്പൂരില്‍ മാമോദീസ ചടങ്ങിനെത്തിയവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമായിരുന്നു. കാറ്ററിംഗ് സ്ഥാപനത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു. മാമോദീസ ചടങ്ങ് നടത്തിയവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 268, 272, 269 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉത്തരവിടുകയും ചെയ്തിരുന്നു.