കൊച്ചി: സിറോ മലബാര്‍ സഭയിലെ 35 രൂപതകളില്‍ 34 ഇടത്തും ഏകീകൃത കുര്‍ബാന നടപ്പാക്കിയെന്ന സഭാ നേതൃത്വത്തിന്റെ വാദം തള്ളി ഇരിങ്ങാലക്കുട രൂപതയിലെ ഒരു വിഭാഗം വൈദികര്‍. രൂപതയിലെ ഭൂരിപക്ഷം പള്ളികളിലും ഇപ്പോഴും ജനാഭിമുഖ കുര്‍ബാനയാണ് നടക്കുന്നത്. എറണാകുളത്തെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അന്നമന ക്രൈസ്റ്റ് ദ കിങ് പള്ളിയില്‍ ചേര്‍ന്ന 10 ഫെറോനകളിലെ വൈദികരുടെ യോഗമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. യോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ എറണാകുളം അങ്കമാലി അതിരൂപത ചാനലായ ‘ഏകം’ മീഡിയ ഡയറക്ടര്‍ ഫാ. രാജന്‍ പുന്നയ്ക്കലിനെ ക്ഷണിച്ചിരുന്നു. ഏകം മീഡിയ വഴിയാണ് വൈദികര്‍ നിലപാട് വ്യക്തമാക്കിയത്.

ജനാഭിമുഖ കുര്‍ബാനയ്ക്ക് വേണ്ടി ആദ്യം മുതല്‍ നിലകൊണ്ട രൂപതയാണ് ഇരിങ്ങാലക്കുട. എന്നാല്‍ സിനഡ് കുര്‍ബാനയ്ക്കായി ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ശക്തമായ നിലപാടെടുത്തതോടെ ഒരു വിഭാഗം വഴങ്ങി. പക്ഷേ, അദ്ദേഹത്തിന്റെ തീരുമാനം ഇപ്പോഴും മിക്കയിടത്തും നടപ്പായില്ലെന്ന് വൈദികര്‍ പറയുന്നു.

അധികാരികളുടെ മുന്നില്‍ വിജയിച്ചെന്നു കാണിക്കാനാണ് ഇരിങ്ങാലക്കുടയില്‍ സിനഡ് കുര്‍ബാന നടപ്പായെന്ന് പറയുന്നതെന്ന് മുന്‍ വികാരി ജനറാള്‍ ഫാ. സെബാസ്റ്റിയന്‍ ഏഴേക്കാടന്‍ ആരോപിച്ചു. പകുതിയിലധികം പള്ളികളിലും ഇപ്പോഴും ജനാഭിമുഖ കുര്‍ബാനയാണ്. ബഹുഭുരിപക്ഷം വൈദികര്‍ക്കും വിശ്വാസികള്‍ക്കൂം അതാണ് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു.

ആരൊക്കെയാണ് ഇപ്പോഴും സിനഡ് കുര്‍ബാന ചൊല്ലാത്തതെന് അന്വേഷിക്കുകയാണ് മെത്രാന്‍. വൈദികരെ നിരീക്ഷിക്കാന്‍ ആളുകളെ വിടുന്നു. അക്രൈസ്തവമായ കാര്യങ്ങളാണ് നടക്കുന്നത്. വൈദികരുടെ മനസാക്ഷി പരിഗണിക്കാതെ രാജകല്പന പോലെയാണ് രൂപതാധ്യക്ഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും വൈദികര്‍ കുറ്റപ്പെടുത്തി. ഫാ.ജോണ്‍ കവളക്കാട്ട, ഫാ.ഡേവിസ് കൂട്ടാല തുടങ്ങിയവരാണ് വീഡിയോയില്‍ സംസാരിക്കുന്നത്. ജനാഭിമുഖ കുര്‍ബാന ആവശ്യപ്പെട്ട് 184 വൈദികര്‍ ഒപ്പിട്ട് നിവേദനം നല്‍കിയിരുന്നുവെന്നും അതൊന്നും മേലധികാരികള്‍ കണക്കാക്കുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.