കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററും തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെതിരെ വിവാദ പരാമര്‍ശവുമായി തൃശൂര്‍ മുന്‍ സഹായ മെത്രാനും നിലവില്‍ ഷംഷാബാദ് രൂപത െമത്രാനുമായ മാര്‍ റാഫേല്‍ തട്ടില്‍. നല്ല കാര്യങ്ങള്‍ ആന്‍ഡ്രൂസ് മെത്രാനെ ഏല്പിക്കരുത്. അദ്ദേഹം ഏറ്റെടുത്താല്‍ അത് അവസാനിക്കുമെന്നാണ് കഴിഞ്ഞ ദിവസം പാലാ പ്രവിത്താനത്ത് ഒരു വൈദികന്റെ പൗരോഹിത്യ സ്വീകരണ ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ പരാമര്‍ശിച്ചത്.

തമാശരൂപേണെയാണ് മാര്‍ തട്ടിലിന്റെ പരാമര്‍ശമെങ്കിലും സമൂഹ മാധ്യമങ്ങള്‍ അത് ഏറ്റെടുത്തിരിക്കുകയാണ്. തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ മാര്‍ക്കറ്റിനെ കുറിച്ചും മെത്രാന്‍ പറഞ്ഞത് വിവാദമായിട്ടുണ്ട്. ” ഞാന്‍ തൃശൂര്‍ പട്ടണത്തില്‍ നിന്നാണ് വരുന്നത്. അവിടെ ഞങ്ങള്‍ക്കൊരു ശക്തന്‍ തമ്പുരാന്‍ മാര്‍ക്ക്‌റുണ്ട്. തെറിയുടെ അഭിഷേകം മാത്രം നടക്കുന്ന സ്ഥലമാണ്. അവിടെ കുറെപ്പേര്‍ പോട്ടയില്‍ പോയി ധ്യാനം കൂടിയശേഷം ദൈവശബ്ദം ബൈബിള്‍ കണ്‍വന്‍ഷന്‍ ആരംഭിച്ചു. 30 വര്‍ഷമായി അത് മുടങ്ങിയിട്ടില്ല.

പലപ്പോഴും ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട്. ആന്‍ഡ്രൂസ് പിതാവ് തലകുത്തി ചോദിച്ചാലും ദൈവത്തേ ഓര്‍ത്ത് അത് കൊടുത്തേക്കരുത്. ആന്‍ഡ്രൂസ് പിതാവ് ഏറ്റെടുത്താല്‍ അത് അവസാനിക്കും. പുരോഹിതന്റെ ദൗത്യത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് മാര്‍ തട്ടിലിന്റെ പരാമര്‍ശം.

മാര്‍ താഴത്ത് എറണാകുളത്ത് അഡ്മിനിസ്‌ട്രേറ്റര്‍ ആയി ചുമതലയേറ്റതിനു പിന്നാലെയും മാര്‍ തട്ടില്‍ അദ്ദേഹത്തെ കുറിച്ച് നടത്തിയ പരാമര്‍ശം വൈറലായിരുന്നു. ‘ആന്‍ഡ്രൂസ് പിതാവ് എറണാകുളത്ത് നിലയില്ലാ വെള്ളത്തില്‍ വെള്ളം കുടിക്കുകയാണെന്നായിരുന്നു’ പരാമര്‍ശം. തൃശൂര്‍ സഹായ മെത്രാനായിരുന്ന മാര്‍ തട്ടില്‍ 2017ലാണ് ഹൈദരാബാദ് കേന്ദ്രമായ ഷംഷാബാദ് രൂപതയുടെ ആദ്യ മെത്രാനായി നിയമിക്കപ്പെടുന്നത്.

മാര്‍ താഴത്തിന്റെ എറണാകുളത്തെ നടപടിക്കെതിരെയും ബസിലിക്കയിലെ അനിഷ്ട സംഭവങ്ങളിലും മുന്‍പും നിരവധി ബിഷപ്പുമാര്‍ കത്തുകളിലൂടെയും കുര്‍ബാന മധ്യേ പ്രസംഗത്തിലൂടെയും രംഗത്തെത്തിയിരുന്നു. സഭയില്‍ സമവായ ചര്‍ച്ച നടക്കുന്നതിനിടെ മാര്‍ താഴ്ത്ത് നവംബര്‍ 27ന് ബസിലിക്കയില്‍ കുര്‍ബാനയ്ക്ക് ശ്രമിച്ചതിനെ വിമര്‍ശിച്ച് ഒമ്പത് ബിഷപുമാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന് കത്തയച്ചിരുന്നു. സഭയില്‍ സമവായം കൊണ്ടുവരാന്‍ ബിഷപ്പുമാരോട് സുപ്രീം കോടതി മൂന്‍ ജസ്റ്റീസ് കുര്യന്‍ ജോസഫ് അപേക്ഷിക്കുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇതിനെ തൃശൂര്‍ മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴിയും പിന്തുണച്ചു.

ബസിലിക്ക സംഭവത്തിനു പിന്നാലെ മാനന്തവാടി, ഛാന്ദാ രൂപത ബിഷപ്പുമാരും മാപ്പപേക്ഷയും വിലാപവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മാര്‍ തട്ടിലിന്റെ പ്രസംഗം. കുര്‍ബാന വിഷയത്തില്‍ സിറോ മലബാര്‍ സഭാ സിനഡില്‍ രൂപപ്പെട്ട ചേരിതിരിവ് മാത്രമല്ല തട്ടിലിന്റെ പരാമര്‍ശത്തിനു പിന്നിലെന്നും മാര്‍ താഴത്തിനോടുള്ള അഭിപ്രായ ഭിന്നതയാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടമാകുന്നതെന്നും സൂചനയുണ്ട്.