ഒളിമ്പ്യനും ഹരിയാന കായിക മന്ത്രിയുമായ സന്ദീപ് സിംഗിനെതിരെ ലൈംഗികാരോപണം. വനിതാ അത്‌ലറ്റ് കോച്ചാണ് സന്ദീപ്  സിംഗിനെതിരെ എത്തിയിരിക്കുന്നത്. ചണ്ഡിഗഡിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അത്‌ലറ്റിന്റെ വെളിപ്പെടുത്തൽ. 

സന്ദീപ് സിംഗ് തന്നെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചുവെന്നും അവിടെ വെച്ച് പീഡിപ്പിച്ചുവെന്നും അത്‌ലറ്റ് ആരോപിക്കുന്നു. മറ്റ് വനിതാ താരങ്ങളെ മന്ത്രി ഉപദ്രവിച്ചതായും വനിതാ പരിശീലക ആരോപിച്ചു. ഇൻസ്റ്റഗ്രാം വഴിയാണ് മെസ്സേജ് അയച്ചത്. വാനിഷ് മോഡ് വഴിയാണ് മന്ത്രി സന്ദേശങ്ങൾ അയച്ചതെന്നും യുവതി പറയുന്നു. 

ചില രേഖകൾ സമർപ്പിക്കാനുണ്ടെന്ന പേരിലാണ് തന്നെ വസതിയിലേക്ക് ക്ഷണിച്ചത്. മികച്ച പോസ്റ്റിംഗ് സ്ഥലം വാഗ്ദാനം ചെയ്തുവെന്നും മന്ത്രി പറഞ്ഞത് അനുസരിക്കാതെ വന്നപ്പോൾ തന്നെ സ്ഥലം മാറ്റിയെന്നും അത്‌ലറ്ര് പറഞ്ഞു. ഇരയായ 400 മീറ്റർ ദേശീയ ചാമ്പ്യൻ അത്ലറ്റും റിയോയിൽ നടന്ന ഒളിമ്പിക്സിൽ സംസ്ഥാന പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ലൈംഗികാരോപണം നേരിടുന്ന കായിക മന്ത്രി സന്ദീപ് സിംഗിനെതിരെ മുഖ്യമന്ത്രി ഉടൻ നടപടിയെടുക്കണമെന്ന് ഐഎൻഎൽഡി നേതാവ് അഭയ് ചൗട്ടാല പറഞ്ഞു. വിഷയം പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും മന്ത്രിയെ ഉടൻ പുറത്താക്കണമെന്നും ചൗട്ടാല ആവശ്യപ്പെട്ടു. കുറ്റാരോപിതനായ കായികമന്ത്രിക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.

ആരോപണങ്ങൾ സന്ദീപ് സിങ് നിഷേധിച്ചിട്ടുണ്ട്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കായിക മന്ത്രി സന്ദീപ് സിംഗ് പറഞ്ഞു. ലേഡി കോച്ച് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും താൻ ഒരിക്കലും ലേഡി കോച്ചിനെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.