പൊതുമേഖലാ ബാങ്കുകളില്‍നിന്ന് 3,986 കോടിരൂപ വായ്പത്തട്ടിപ്പ് നടത്തിയ കേസില്‍ ചെന്നൈ ആസ്ഥാനമായുള്ള സുരാന ഗ്രൂപ്പിന്റെ 11.62 കോടി രൂപയുടെ ആസ്തികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് താത്കാലികമായി കണ്ടുകെട്ടി. 2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) വ്യവസ്ഥകള്‍ പ്രകാരമാണ് ഇഡി നടപടി. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്ന് കേസുകളാണ് സുരാന ഗ്രൂപ്പിന്റെ പേരിലുള്ളത്.  

വായ്പത്തട്ടിപ്പുകേസില്‍ സുരാന ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനും സുരാന പവര്‍ ലിമിറ്റഡിനും സുരാന കോര്‍പ്പറേഷനുമെതിരേ ബെംഗളുരുവില്‍ സി.ബി.ഐ. രജിസ്റ്റര്‍ചെയ്ത മൂന്ന് എഫ്.ഐ.ആറുകളുടെ തുടര്‍ച്ചയായാണ് ഇ.ഡി. കേസെടുത്തത്. ഇവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ പരാതി നല്‍കിയതായി ഇഡി അറിയിച്ചു. ചെന്നൈയിലെ പ്രത്യേക പിഎംഎല്‍എ കോടതിയാണ് പ്രോസിക്യൂഷന്‍ പരാതി പരിഗണിച്ചത്. ടെലികോം, ലോഹസംസ്‌കരണം, പാരമ്പര്യേതര ഊര്‍ജം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സുരാന ഗ്രൂപ്പ് ഒട്ടേറെ കടലാസു കമ്പനികളുണ്ടാക്കി പണം തിരിമറി നടത്തുകയായിരുന്നുവെന്ന് ഇ.ഡി.യുടെ അന്വേഷണത്തില്‍ കണ്ടെത്തി. 3,986 കോടി രൂപ ബാങ്കുകള്‍ക്കുള്ള പ്രധാന കുടിശ്ശിക തുകയായി അവശേഷിക്കുന്നുണ്ടെന്ന് ഏജന്‍സി അറിയിച്ചു.

സുരാന ഗ്രൂപ്പിന്റെ വിവിധ പ്രൊമോട്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഔദ്യോഗിക, സ്വകാര്യ താമസ സ്ഥലങ്ങളില്‍ 2021 ഫെബ്രുവരിയില്‍ ഏജന്‍സി നടത്തിയ പരിശോധനയില്‍ ആഭരണങ്ങളും പണവും പിടിച്ചെടുത്തിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.