ടെക് കമ്പനികൾക്കും ട്വിറ്റർ, മെറ്റാ, ആമസോൺ തുടങ്ങിയ വലിയ ടെക് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾക്കും 2022 ഒരു ദുഷ്‌കരമായ വർഷമാണ്. 2023ഉം വ്യത്യസ്‌തമായിരിക്കില്ല എന്നാണ് തോന്നുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച്, ഗൂഗിളും ആമസോണും വരും വർഷത്തിൽ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ്. ഇതിന്റെ ആദ്യപടിയെന്നോണം ജീവനക്കാരുടെ പ്രകടനം വിലയിരുത്താനുള്ള സംവിധാനമായ GRAD (Google Reviews and Development) നടപ്പാക്കുമെന്ന് സൂചനയുണ്ട്.

ഇന്റർനെറ്റിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, പുതിയ GRAD സംവിധാനത്തിന്റെ സഹായത്തോടെ ഗൂഗിൾ ഉടൻ തന്നെ ജീവനക്കാരുടെ പ്രകടനം വിലയിരുത്താൻ ആരംഭിക്കും. പെർഫോമൻസ് മാനേജ്‌മെന്റ് സിസ്‌റ്റം വഴി ടീമിലെ കുറഞ്ഞ പ്രകടനം നടത്തുന്നവരെ തിരിച്ചറിയാൻ മാനേജർമാരെ സഹായിക്കുമെന്ന് പ്രതീക്ഷ. ഇത് ഗൂഗിളിനെ അതിന്റെ വരാനിരിക്കുന്ന പിരിച്ചുവിടൽ പ്രക്രിയയിൽ സഹായിക്കുമെന്നാണ് കരുതുന്നത്.

ഗൂഗിൾ വരുന്ന മാസങ്ങളിൽ ഏകദേശം 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ചില മുൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പെർഫോമൻസ് മാനേജ്‌മെന്റ് സിസ്‌റ്റത്തിൽ കുറഞ്ഞ സ്കോർ നേടുന്ന ജീവനക്കാർക്ക് ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള സാധ്യത കൂടുതലാണ്. അടുത്ത വർഷം പകുതിയോടെ തന്നെ പെർഫോമൻസ് മാനേജ്‌മെന്റ് സിസ്‌റ്റം നടപ്പാക്കുമെന്നാണ് സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നത്. 

പുതിയ സംവിധാനത്തിന് കീഴിൽ 6 ശതമാനം മുഴുവൻ സമയ ജീവനക്കാർ കുറഞ്ഞ സ്കോർ നേടുമെന്ന് ഗൂഗിൾ പ്രതീക്ഷിക്കുന്നു, അതായത് ഈ ജീവനക്കാർക്ക് ഗൂഗിളിൽ ജോലി നഷ്‌ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.  റിവ്യൂ സിസ്‌റ്റത്തിൽ ജീവനക്കാർക്ക് ഉയർന്ന സ്കോറുകൾ നേടുകയെന്നത് ബുദ്ധിമുട്ടാക്കുമെന്ന് റിപ്പോർട്ട് എടുത്തുകാണിക്കുന്നു. ഏകദേശം 22 ശതമാനം ജീവനക്കാർ ഉയർന്ന രണ്ട് വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിൽ റേറ്റു ചെയ്യപ്പെടുമെന്ന് ഗൂഗിൾ കണക്കാക്കുന്നു.

പുതിയ സംവിധാനത്തിന് കീഴിൽ ആറ് ശതമാനത്തോളം വരുന്ന മോശം പ്രകടനം നടത്തുന്ന ജീവനക്കാരുടെ എണ്ണം എടുത്ത് വയ്ക്കാൻ മാനേജർമാരോട് ആവശ്യപ്പെട്ടതായാണ് ‘ദി ഇൻഫർമേഷൻ’ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പുതിയ റിവ്യൂ സിസ്‌റ്റത്തിൽ അപാകതകളുണ്ടെന്നും, കൃത്യമായി മൂല്യ നിർണയം നടക്കില്ലെന്നും ജീവനക്കാർ ആരോപിക്കുന്നു. 

ആൽഫബെറ്റിന്റെയും ഗൂഗിളിന്റെയും സിഇഒ സുന്ദർ പിച്ചൈ ഈ വർഷം തുടക്കം മുതൽ ജീവനക്കാർ മുമ്പത്തേക്കാൾ കൂടുതൽ ഉൽപ്പാദനക്ഷമത ഉള്ളവരായിരിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഭാവി പ്രവചിക്കുക എന്നത് ബുദ്ധിമുട്ടാണെന്ന് പിച്ചൈ പ്രതികരിച്ചു. 

2022ലെ ഏറ്റവും വലിയ രണ്ട് പിരിച്ചുവിടലുകൾ ഇലോൺ മസ്‌കിന്റെ ട്വിറ്ററിലും മാർക്ക് സക്കർബർഗിന്റെ മെറ്റായിലുമാണ് നടന്നത്. മസ്‌കും സക്കർബർഗും കഴിഞ്ഞ കുറച്ച് മാസങ്ങളായി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു കൊണ്ടിരിക്കുകയാണ്. ജോലി നഷ്‌ടപ്പെട്ടവരിൽ പലരും എച്ച് 1 ബി വിസ കൈവശം വച്ചുകൊണ്ട് അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരാണ്. ജോലി നഷ്‌ടമായവർക്ക് ഇമിഗ്രേഷൻ സഹായം വാഗ്‌ദാനം ചെയ്യുന്നതായി മെറ്റാ പ്രഖ്യാപിച്ചെങ്കിലും മസ്‌ക് ഇതുവരെ അത്തരം ആനുകൂല്യങ്ങളൊന്നും പ്രഖ്യാപിച്ചില്ല.