ഇന്ത്യയില്‍ കോവിഡിന്റെ നാലാം തരംഗം ആരംഭിച്ചോ? കോവിഡ് പ്രതിവാര കേസുകള്‍ വീണ്ടും വര്‍ദ്ധിച്ചു തുടങ്ങിയതാണ് ഈ ചോദ്യമുന്നയിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ഏകദേശം രണ്ട് മാസങ്ങള്‍ക്ക് ശേഷം, പ്രതിവാര കോവിഡ് കേസുകളില്‍ വലിയൊരു വര്‍ദ്ധനവ് രാജ്യത്തുണ്ടായിരിക്കുകയാണ്. ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച കണക്കുകള്‍ പ്രകാരം ഒരാഴ്ചയ്ക്കിടെ ഇന്ത്യയില്‍ കൊറോണ കേസുകളില്‍ 14 ശതമാനത്തിലധികം വര്‍ധനവുണ്ടായി.

ഡിസംബര്‍ 13 നും 19 നും ഇടയില്‍ രാജ്യത്തുടനീളം 1,104 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. ഡിസംബര്‍ 20 നും 26 നും ഇടയില്‍ 1,260 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഡിസംബര്‍ 13 നും 19 നും ഇടയില്‍ 15 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. അതേസമയം, ഡിസംബര്‍ 20 നും 26 നും ഇടയില്‍ 19 മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും, ഈ മരണങ്ങളുടെ കണക്കുകളില്‍ ചില പഴയ മരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളമാണ് കണക്കുകളില്‍ പഴയ മരണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഉദാഹരണത്തിന്, ഡിസംബര്‍ 22 ന് 9 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. എന്നാല്‍ ഇതില്‍ 6 മരണങ്ങള്‍ പഴയതാണ്. അതായത്, അവ നേരത്തെ സംഭവിച്ചതാണെങ്കിലും ഇപ്പോഴാണ് കോവിഡ് മരണമായി രേഖപ്പെടുത്തിയത്. 

മാത്രമല്ല, രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണത്തിലും നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഡിസംബര്‍ 22 വരെ, സജീവമായ കേസുകളുടെ എണ്ണം 3,380 ആയിരുന്നു, ഇത് ഡിസംബര്‍ 26 ആയപ്പോഴേക്കും 3,421 ആയി വര്‍ദ്ധിച്ചു.

നിലവില്‍, നാലാമത്തെ കോവിഡ് തരംഗ സാധ്യതയെ തള്ളുകയാണ് ആരോഗ്യവിദഗ്ദ്ധര്‍. നാലാമത്തെ തരംഗത്തിന്റെ വ്യാപ്തി കുറവാണെന്നും വിദഗ്ധര്‍ വിശ്വസിക്കുന്നു. ഇന്ത്യയിലെ ജനസംഖ്യയുടെ 90 ശതമാനത്തിലധികം ആളുകള്‍ക്കും കോവിഡിനെതിരായ പ്രതിരോധശേഷി ഉണ്ട് എന്നതാണ് ഇതിന് കാരണം.

എന്നിരുന്നാലും, കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്. കേസുകള്‍ വര്‍ദ്ധിച്ചാലും സ്ഥിതി നിയന്ത്രണ വിധേയമായിരിക്കുമെന്നും ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും മുന്‍ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയ അടുത്തിടെ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒമിക്രോണിന്റെ സബ് വേരിയന്റായ ബിഎഫ്.7 കാരണം, ആശുപത്രിവാസമോ മരണസംഖ്യയോ വര്‍ദ്ധിക്കുകയില്ലെന്നും ഇപ്പോള്‍ നമ്മുടെ പ്രതിരോധശേഷി വളരെ ഉയര്‍ന്നതായി മാറിയെന്നും ഡോ. ഗുലേരിയ വ്യക്തമാക്കിയിരുന്നു. ജൂലൈയില്‍ BF.7 ഇന്ത്യയില്‍ എത്തിയിരുന്നുവെന്നും എന്നാല്‍ ഇതുമൂലം ആശുപത്രിവാസമോ മരണമോ വര്‍ധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വകഭേദം വളരെക്കാലം നിലനില്‍ക്കുമെന്ന് ഡോ. ഗുലേരിയ അഭിപ്രായപ്പെട്ടു. പക്ഷേ അതില്‍ നിന്ന് ഒരു പുതിയ തരംഗ സാധ്യത പ്രതീക്ഷിക്കുന്നില്ലെന്നും ഡോ. രണ്‍ദീപ് ഗുലേരിയ പറഞ്ഞു.