ചൈന, ജപ്പാന്‍, അമേരിക്ക തുടങ്ങി ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. കോവിഡിന്റെ ഭീഷണി കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാരും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ഇതോടൊപ്പം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും  കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിദേശത്ത് നിന്ന് വരുന്ന യാത്രക്കാരുടെ സ്‌കാനിംഗും കോവിഡ് പരിശോധനയും വിമാനത്താവളങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കൊറോണയുമായി ബന്ധപ്പെട്ട് രണ്ട് സുപ്രധാന യോഗങ്ങള്‍ നടന്നിരുന്നു. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും വെള്ളിയാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി രാജ്യത്തുടനീളമുള്ള ആരോഗ്യ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ്, സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 201 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സജീവമായ കോവിഡ് കേസുകളുടെ എണ്ണം 3397 ആയി ഉയര്‍ന്നു. കൊറോണ ബാധിതരുടെ എണ്ണം 4.46 കോടിയായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.