തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റിയംഗവും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി ജയരാജനെതിരെ ഗുരുതര ആരോപവുമായി സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജന്‍. ഇ.പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് പഇ.ജയരാജന്റെ ആരോപണം. കണ്ണൂരില്‍ ഇ.പി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടര്‍മാരായ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ് സ്വത്ത് സമ്പാദനമെന്ന് പി.ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ ഉന്നയിച്ചത്.

താന്‍ ആരോപണം ഉന്നയിച്ചത് ആധികാരകമായാണെന്നും അന്വേഷണവും നടപടിയും വേണമെന്നും പി.ജയരാജന്‍ ആവശ്യപ്പെട്ടു. ആരോപണം എഴുതി നല്‍കിയാല്‍ അന്വേഷിക്കാമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അറിയിച്ചു.

കണ്ണൂരിലെ പ്രമുഖരായ രണ്ട് നേതാക്കള്‍ തമ്മിലുള്ള ശീതസമരമാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായം അടക്കം നിര്‍ണായക വകുപ്പുകള്‍ കൈകാര്യം ചെയ്ത ഇ.പി ജയരാജന്‍ മന്ത്രിസഭയിലെ രണ്ടാമനുമായിരുന്നു. എന്നാല്‍ രണ്ടാം മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഇ.പി ജയരാജന്‍, എം.വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി ആയതു മുതല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പാര്‍ട്ടി ചുമതലകളില്‍ നിന്ന് അവധിയെടുത്തിരിക്കുകയാണ്. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ പോലും ഇ.പി പങ്കെടുത്തിരുന്നില്ല.

അഴിമതിയുടെ കറപുരളാത്ത നേതാവെന്ന് അണികള്‍ വിശ്വസിക്കുന്ന നേതാവും കണ്ണൂരില്‍ വളരെയേറെ അനുയായികള്‍ ഉള്ള പി.ജയരാജ് ഉന്നയിക്കുന്ന ആരോപണം പാര്‍ട്ടി നേതൃത്വത്തിന് തള്ളിക്കളായാനാവില്ല. വര്‍ഷങ്ങളായി കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഈ റിസോര്‍ട്ടിന്റെ നിര്‍മ്മാണത്തെ സംബന്ധിച്ച് എതിര്‍പ്പ് ഉയര്‍ന്നിരുന്നു.

വെള്ളിക്കീര്‍ പാനൂരില്‍ കുന്ന് ഇടിച്ചുനിരത്തിയാണ് ആയുര്‍വേദ റിസോര്‍ട്ട് ഉയര്‍ന്നുവന്നത്. പാരിസ്ഥിതി പ്രശ്‌നങ്ങളുണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെ നിര്‍മ്മാണം കുറച്ചുനാള്‍ നിര്‍ത്തിവച്ചിരുന്നു. കുന്നുന താഴെയുള്ള പുഴയുമായി ബന്ധിപ്പിച്ച് ടൂറിസം പദ്ധതി കൊണ്ടുവരുന്നതിലും എതിര്‍പ്പ് ഉയര്‍ന്നിരുന്നു. മൂന്നു വര്‍ഷം മുന്‍പാണ് റിസോര്‍ട്ട് ഉദ്ഘാടനം ചെയ്തത്. റിസോര്‍ട്ടിന്റെ നടത്തിപ്പുകാരനായ കമ്പനിയുടെ ഡയറക്ടര്‍മാരാണ് ഇ.പി ജയരാജന്റെ ഭാര്യയും മകനും.


കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ജില്ലാ സെക്രട്ടറി സ്ഥാനം രാജിവയ്പ്പിച്ചാണ് പി.ജയരാജനെ പാര്‍ട്ടി മത്സരത്തിന് ഇറക്കിയത്. എന്നാല്‍ പിന്നീട് സ്ഥാനം തിരിച്ചുനല്‍കിയില്ലെന്ന് മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയുണ്ടായിരുന്ന എം.വി ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കുകയും ചെയ്തിരുന്നു. കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അദ്ദേഹത്തെ ഒതുക്കിയതും അണികളില്‍ അമര്‍ഷമുണ്ടാക്കിയിരുന്നു.